പാലക്കാട്: വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളിലെ ക്രിസ്‌മസ് ആഘോഷം തടയാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെയും യൂത്ത് കോൺഗ്രസിൻ്റെയും നേതൃത്വത്തിൽ ക്രിസ്‌മസ് കരോൾ നടത്തി. ചിറ്റൂർ നല്ലേപ്പിള്ളി ഗവ യുപി സ്‌കൂൾ പരിസരത്താണ് ഇരു സംഘടനകളും വെവ്വേറെ പരിപാടികൾ നടത്തിയത്. ജില്ലാ സംസ്ഥാന നേതാക്കൾ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് നല്ലേപ്പിള്ളി സ്‌കൂളില്‍ നടന്ന ക്രിസ്‌മസ് ആഘോഷം വിഎച്ച്പി പ്രവര്‍ത്തകരെത്തി തടഞ്ഞത്. ആഘോഷം നടക്കുന്നതിനിടെ മൂന്നംഗ സംഘമെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽ കുമാർ, ബജ്റംഗ്‌ദൾ ജില്ലാ സംയോജക് വി സുശാസനൻ വിഎച്ച്പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെ അറസ്റ്റ് ചെയ്‌തിരുന്നു.
സംഭവത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും രംഗത്ത് വന്നിരുന്നു. ആക്രമണം നടത്താൻ നേതൃത്വം നൽകി റിമാൻഡിലായ മൂന്ന് പേരിൽ രണ്ട് പേരും ബിജെപിയുടെ ഭാരവാഹികളാണെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കൃഷ്‌ണകുമാറിനായി പ്രവർത്തിച്ചവരാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒരുവശത്ത് ക്രൈസ്‌തവ സ്നേഹം അഭിനയിക്കുകയും ക്രൈസ്‌തവ ഭവനങ്ങളിലേക്ക് ക്രിസ്‌മസ് കേക്കുമായി പോവുകയും മറുവശത്ത് ക്രൈസ്‌തവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും സന്ദീപ് വാര്യർ ആരോപിച്ചു.