തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിലായി. പാലക്കാട് ആലത്തൂർ സ്വദേശി സുരേഷ് ആണ് പിടിയിലായത്. വിദേശ വ്ളോഗർ ആയ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒരാഴ്‌ച മുൻപ് യുവതി ഇ മെയിൽ വഴി തൃശൂർ സിറ്റി പൊലീസിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ഈസ്‌റ്റ് പൊലീസ് വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പാലക്കാട് കുനിശ്ശേരിയിൽ നിന്നാണ് പ്രതിയായ മധു എന്ന് വിളിക്കുന്ന സുരേഷിനെ അറസ്‌റ്റ് ചെയ്‌തത്. സ്‌ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് അവിടുത്തെ പ്രത്യേകതകൾ ചിത്രീകരിക്കാനായാണ് വ്ളോഗർമാരായ ദമ്പതികള്‍ ഇന്ത്യയിലെത്തിയത്. പൂരക്കാഴ്‌ച ചിത്രീകരിക്കുന്നതിനിടെ പ്രതി ബലമായി യുവതിയെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു.
തനിക്കുണ്ടായ ദുരനുഭവത്തിൻ്റെ വീഡിയോ യുവതി തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വീഡിയോ ചെയ്‌ത വ്‌ളോഗർമാർക്കാണ് ദുരനുഭവം ഉണ്ടായത്.
Also Read : തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ കേസ്; വിശദീകരണം തേടി ഹൈക്കോടതി - Thrissur Pooram Case