ബേട്ടിയ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വീടിന് നേരെയുണ്ടായ വെടിവെയ്‌പിൽ മാപ്പപേക്ഷിച്ച് പ്രതികളുടെ മാതാപിതാക്കള്‍. അറസ്റ്റിലായ വിക്കി സാഹിബ് ഗുപ്‌തയുടെയും സാഗർ ശ്രീജോഗേന്ദ്ര പാലിന്‍റെയും കുടുംബാംഗങ്ങളാണ് മഹാരാഷ്‌ട്ര സർക്കാരിനോടും സൽമാൻ ഖാനോടും മാപ്പപേക്ഷിച്ചത്. രണ്ട് പ്രതികളും വെസ്റ്റ് ചമ്പാരൺ ജില്ലയിലെ ഗൗനഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹ്സി ഗ്രാമവാസികളാണ്.
'ദയവായി എന്‍റെ മകനോട് ക്ഷമിക്കൂ, പണം സമ്പാദിക്കാനായി മറ്റൊരു സംസ്ഥാനത്തേക്ക് ഇനി അവനെ അയക്കില്ല' വിക്കിയുടെ അമ്മ സുനിത സൽമാൻ ഖാനോട് പറഞ്ഞു. എന്‍റെ മകൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഗ്രാമവാസികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ മകനെക്കുറിച്ച് വിവരം ലഭിച്ചതായും പണം സമ്പാദിക്കുന്നതിനായി ഇയാൾ ഇവിടെ നിന്ന് അന്യസംസ്ഥാനത്തേക്ക് പോയിരുന്നതായും സാഗർ ശ്രീജോഗേന്ദ്ര പാലിന്‍റെ പിതാവ് പറഞ്ഞു.
'എന്‍റെ മകൻ ഒരു കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ആരെങ്കിലും അവനെ തെറ്റിദ്ധരിപ്പിച്ചിരിക്കണം. അതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ഞങ്ങൾ പാവങ്ങളാണ്. നിങ്ങളുടെ ഹൃദയം വളരെ വലുതാണ്, ദയവായി ഞങ്ങളുടെ കുട്ടികളെ ഒഴിവാക്കുക എന്ന് സാഗർ ശ്രീജോഗേന്ദ്ര പാലിൻ്റെ അമ്മ രംഭാ ദേവിയും അഭ്യര്‍ഥിച്ചു. വിക്കിയുടെ പിതാവ് സാഹിബ് സാഹയും മകന്‍റെ കുറ്റങ്ങൾക്ക് മാപ്പ് പറഞ്ഞു. ഞാനൊരു കർഷകനാണെന്നും മകനും കർഷകനാണെന്നും അവൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സൽമാൻ ഖാന്‍റെ വീടിന് നേരെ വെടിയുതിർത്ത കേസിൽ പ്രതികളുടെ അറസ്റ്റിന് ശേഷം മുംബൈ പൊലീസ് ചൊവ്വാഴ്‌ച അവരുടെ ഗ്രാമത്തിലെത്തിയിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളെ മുംബൈ പൊലീസ് ദീർഘനേരം ചോദ്യം ചെയ്‌തു. ഗ്രാമത്തിലെ ആളുകളിൽ നിന്ന് അവരെക്കുറിച്ച് അറിയാൻ പൊലീസ് ശ്രമിച്ചു. അവരുടെ ക്രിമിനൽ പശ്ചാത്തലമെന്തെന്നറിയാനായിരുന്നു ചോദ്യം ചെയല്‍. ഏറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ പൊലീസ് റെക്കോര്‍ഡ് ചെയ്‌ത് കൊണ്ടുപോയി വീട്ടുകാരെ വിട്ടയച്ചു.
ഞായറാഴ്‌ച (ഏപ്രിൽ 14) പുലർച്ചെ അഞ്ച് മണിയോടെ സൽമാൻ ഖാന്‍റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വെടിയുതിർക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സൽമാൻ ഖാൻ കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌നോയ് ഏറ്റെടുത്തിരുന്നു.
ALSO READ: സല്‍മാൻ ഖാന്‍റെ വീടിന് നേരെ വെടിവെയ്‌പ്പ്: രണ്ട് പ്രതികള്‍ ഗുജറാത്തില്‍ നിന്നും പിടിയില്‍