കോഴിക്കോട് : രാമനാട്ടുകരയിൽ ബസ് യാത്രക്കാരന്‍റെ പോക്കറ്റടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊളത്തറ സ്വദേശി ഫിറോസാണ് പിടിയിലായത്. രാമനാട്ടുകര കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബിസ്‌മില്ല ബസിലാണ് മോഷണം നടന്നത്.
ബീവറേജ് ജീവനക്കാരനായ മധ്യവയസ്‌കന്‍റെ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും 2000 രൂപയാണ് മോഷ്‌ടാവ് കൈക്കലാക്കിയത്. മോഷണം നടത്തിയ ശേഷം ഫിറോസ് സ്ഥലം എത്തിയെന്ന് ഡ്രൈവറോട് പറയുകയും ടിക്കറ്റിന്‍റെ പണം നൽകി ഇറങ്ങി പോവുകയുമായിരുന്നു.
അയാൾക്കൊപ്പം സീറ്റിലിരുന്ന മധ്യവയസ്‌കൻ പോക്കറ്റിൽ നോക്കുമ്പോഴാണ് പണം നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ഫറോക്ക് പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്‌തു.
സംഭവത്തിൽ അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്‌തു. നേരത്തെയും ഇയാൾ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Also Read: സ്വർണം പൂജിക്കാമെന്ന് വാഗ്‌ദാനം; യുവതികൾ തട്ടിയെടുത്തത് 12 പവൻ: ഒരാൾ പിടിയിൽ