കണ്ണൂർ : ചിത്ര കലാരംഗത്തെ അഞ്ചുപേർ. കണ്ണൂരിലെ വിവിധ ഇടങ്ങളിൽ താമസിക്കുന്നവർ. അവർക്ക് മനസ്സും കാഴ്‌ചകളും സങ്കൽപ്പങ്ങളും എല്ലാം ചിത്രങ്ങളാണ്. അത്തരത്തിൽ തങ്ങളുടെ മനസ്സിൽ വിരിഞ്ഞ ചിത്രങ്ങളാണ് കണ്ണൂർ ഗാന്ധിമന്ദിരത്തിലെ കമ്മ്യൂൺ ദി ആർട്ട് ഹബിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ചിത്രപ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത് (An Exhibition Of Abstract Art In Kannur).
അഞ്ചുപേരും ഒരേ നിറങ്ങളെ വ്യത്യസ്‌ത രീതികളില്‍ ചിത്രങ്ങളിൽ ചാലിച്ചപ്പോൾ അമൂർത്ത ചിത്രങ്ങളുടെ അർത്ഥ തലങ്ങളും വേറിട്ടതായി. ഒരാശയത്തിനപ്പുറം കാഴ്‌ചക്കാർക്ക് അവരുടെ ഭാവനയിൽ വിരിഞ്ഞ ആശയങ്ങൾ അതിൽ നിന്ന് വായിച്ചെടുക്കാം എന്നതാണ് അമൂർത്ത ചിത്രങ്ങളുടെ പ്രത്യേകത. ബാങ്കോക്ക്, ദുബായ് എന്നിവിടങ്ങളിൽ ഇത്തരത്തിൽ ചിത്രങ്ങൾ പ്രദർശനത്തിനെത്തിച്ചിരുന്നു.
തെയ്യവും തോറ്റവും, കാവും ക്ഷേത്രങ്ങളും കണ്ണൂരിലെ അമൂർത്ത ചിത്ര പ്രദർശനത്തിൽ കാണാം. എങ്കിലും യഥാർത്ഥ ചിത്രങ്ങളെ അപേക്ഷിച്ചു അമൂർത്തമായ ചിത്രങ്ങൾക്ക് കാഴ്‌ചക്കാർ കുറവാണെന്നാണ് ചിത്രകാരന്മാർ പറയുന്നത്. ഏറെ കലാസ്വാദകരുള്ള നാട്ടിൽ പോലും ഇത്തരം ചിത്രങ്ങൾക്ക് കാഴ്‌ചക്കാർ കുറയുകയാണെന്ന് ഇവർ പറയുന്നു.
ചിത്രകാരന്മാരായ എം ദാമോദരൻ, ദിലീപ് കുമാർ, ജോളി എം സുധൻ, സന്തോഷ് മുണ്ട, സുരേഖ തുടങ്ങിയ അഞ്ചു ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.അഞ്ചു പേർ വരച്ച 30 ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.