ആലപ്പുഴ: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്‌ദുൾ റഹീമിന്‍റെ മോചനത്തിനായി തുകയ്ക്കായി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ നേരിട്ടിറങ്ങിയിരിക്കുകയാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്‌റ്റിന്‍റെ നേതൃത്വത്തിലാണ് യാചക യാത്ര.
തിരുവനന്തപുരത്തു നിന്നും ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്‌റ്റ് ആരംഭിച്ച ബോചെ യാചക യാത്ര ഇന്ന് ആലപ്പുഴയിൽ എത്തിച്ചേർന്നു. ബോചെ ഫാൻസും മറ്റ് പല സംഘടനകളും മനുഷ്യ സ്നേഹികളും ചേർന്ന് 14 കോടി രൂപയോളം ഇതുവരെ സമാഹരിച്ചു. ഇനി 20 കോടി രൂപ കൂടി വേണം അതിൽ ഒരു കോടി രൂപ ബോചെ നൽകും. എന്നാലും വേണം 19 കോടി രൂപ. നമ്മുടെ മുൻപിൽ വെറും അഞ്ച് ദിവസം കൂടിയെ ബാക്കിയുള്ളൂവെന്ന് ഓര്‍മപ്പെടുത്തുകയാണ് ബോബി ചെമ്മണ്ണൂര്‍.
'നിങ്ങൾ കൊടുക്കുന്ന തുക ഒരു രൂപയാവട്ടെ, ആയിരമാവട്ടെ, ലക്ഷമാവട്ടെ, എത്ര തന്നെയായാലും അതൊരു ജീവന്‍റെ വിലയാണ്. അതുകൊണ്ട് എല്ലാവരും കഴിയാവുന്ന തുക സംഭാവന ചെയ്യണം. അബ്‌ദുൾ റഹീമിന്‍റെ ഉമ്മ പാത്തുവിന്‍റെ ഗൂഗിള്‍ പേ ക്യു ആർ കോഡ് സ്‌കാൻ ചെയ്‌തുകൊണ്ടും, സേവ് അബ്‌ദുൾ റഹീം ആപ്പിലേക്ക് പൈസ അയച്ചുകൊണ്ടും നിങ്ങൾക്ക് അവരെ സഹായിക്കാവുന്നതാണ്' എന്ന് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്‌റ്റ് അറിയിച്ചു.
തുക പോരാതെ വന്നാൽ ഈ മാസം ബോചെ ടീ ലക്കി ഡ്രോ ചാലെഞ്ച് നടത്താൻ ബോചെ ആലോചിക്കുന്നുണ്ട്. മൂന്ന് മാസം മുൻപ് ദുബായിൽ ലോഞ്ച് ചെയ്‌ത ബോചെ ടീ, ഈ മാസം അവസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പദ്ധതിയിട്ടിരിക്കുകയാണ്. പതിനഞ്ചാം തിയതി ഫണ്ട് തികയാതെ വന്നാല്‍ ബോചെ ടീയുടെ പേരില്‍ ലക്കി ഡ്രോ ചാലെഞ്ച് നടത്താൻ ആണ് പദ്ധതി.
ആ ദിവസം ബോചെ ടീ വില്‍ക്കുന്നതിന് ലഭിക്കുന്ന മുഴുവൻ തുകയും അത് അബ്‌ദുൾ റഹീമിനെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി ഉപയോഗിക്കാനാണ് ബോചെ ട്രസ്‌റ്റിന്‍റെ തീരുമാനം. 40 രൂപയാണ് ഒരു പാക്കറ്റ് ബോചെ ടീയുടെ വില. അത് വാങ്ങുമ്പോൾ പ്രോത്സാഹനമായി ദിവസേന രാത്രി നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു വ്യക്തിക്ക് പത്ത് ലക്ഷവും, ദിവസേന പതിനയ്യായിരം പേർക്ക് ക്യാഷ് പ്രൈസുകളായ 10000, 5000,1000 ,500, 100 എന്നിങ്ങനെയും ലഭിക്കും. ബമ്പർ പ്രൈസ് 25 കോടി രൂപയാണ്. ഇങ്ങനെ ക്യാഷ് പ്രൈസ് ലഭിക്കുന്നവർ ദിവസേന ഒരു ചെറിയ തുകയെങ്കിലും അബ്‌ദുൾ റഹീമിന്‍റെ ജീവൻ രക്ഷിക്കാൻ നൽകണമെന്നാണ് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്‌റ്റിന്‍റെ അപേക്ഷ. ടീ ചാലെഞ്ച് നടത്തുന്ന തിയതി ബോബി ചെമ്മണൂർ ഫേസ്ബുക്കിലും, ബോചെ ഇൻസ്‌റ്റഗ്രാമിലും, ബോചെ യൂട്യൂബ് ചാനലിലും അറിയിക്കുന്നതാണെന്നും ട്രസ്‌റ്റ് വക്‌താക്കൾ അറിയിച്ചു.
ALSO READ : ഇറാനില്‍ വധശിക്ഷകള്‍ വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്