തിരുവനന്തപുരം : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ആം ആദ്‌മി പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി സംസ്ഥാന കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പ്രകടനവുമായി എത്തിയ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ഇതിനുപിന്നാലെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ചെയ്‌തു.
ഇതിനിടെ എഎപി പ്രവർത്തകർ റോഡിൽ കിടന്ന ദേശീയ പതാക ചവിട്ടിയതായും പരാതിയുണ്ട്. പ്രകടനം പൊലീസ് തടഞ്ഞപ്പോള്‍ ദേശീയ പതാക കെട്ടിയിരുന്ന കമ്പ് ഉപയോഗിച്ച് പൊലീസിനെ നേരിടുകയും പൊലീസ് ദേശീയ പതാക പിടിച്ചു വാങ്ങിക്കാന്‍ ശ്രമിച്ചപ്പോള്‍ പതാക വലിച്ചെറിയുകയും ഇതിനിടെ പതാകയെ റോഡിലിട്ട് എഎപിക്കാര്‍ ചവിട്ടുകയുമായിരുന്നു.
റോഡ് ഉപരോധിച്ച് പ്രതിഷേധം തുടർന്ന പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച എഎപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയ പതാകയെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തമ്പാനൂർ പൊലീസാണ് കേസെടുത്തത്.
എഎപിക്കെതിരെ ബിജെപി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പ്രവർത്തകർക്കെതിരെ ദേശീയ പതാകയെ അപമാനിക്കൽ, ഗതാഗതം തടസപ്പെടുത്തൽ, അനധികൃതമായി സംഘം ചേരൽ തുടങ്ങി കൃത്യങ്ങൾക്ക് എതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യ ഉൾപ്പെടെ പത്ത് പേരാണ് പ്രതി പട്ടികയിലുള്ളത്. മാർച്ചിനെതിരെ ബിജെപി രംഗത്തെത്തി.
മാർച്ചിന് പിന്നിൽ ഇന്ത്യ സഖ്യമെന്നും വൻ ഗൂഢാലോചന നടന്നെന്നും പി കെ കൃഷ്‌ണദാസ് ആരോപിച്ചു. അതേസമയം, അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിക്കാത്ത പശ്ചാത്തലത്തിൽ വരുംദിവസങ്ങളിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരാനാണ് എഎപി തീരുമാനം.