കോഴിക്കോട്: നിർത്തിയിട്ട കാറിനകത്ത് കുടുങ്ങി മൂന്നുവയസുകാരന്‍. ബാലുശേരിക്ക് സമീപം നന്മണ്ടയിലാണ് കുട്ടിയുടെ പിതാവിൻ്റെ അശ്രദ്ധ കാരണം മൂന്നുവയസുകാരനായ മകന്‍ കാറിലകപ്പെട്ടത്. ചീക്കിലോട് സ്വദേശി ഷജീറിന്‍റെ മകനാണ് നന്മണ്ട - പതിമൂന്നിൽ നിര്‍ത്തിയിട്ട കാറില്‍ ഒന്നര മണിക്കൂര്‍ അകപ്പെട്ടത്.
കുഞ്ഞിനെ കാറിലിരുത്തി ഷജീര്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങി. താക്കോല്‍ കാറില്‍ നിന്നും എടുക്കാന്‍ മറന്ന ഷജീര്‍ തിരിച്ചെത്തിയപ്പോഴേക്കും മകന്‍ അറിയാതെ കാറിന്‍റെ ഡോര്‍ ലോക്ക് ചെയ്‌തിരുന്നു. കുട്ടിയെ പുറത്ത് എത്തിക്കാൻ ആദ്യം ഓടിയെത്തിയ നാട്ടുകാര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി.
തുടർന്ന് വീട്ടിലേക്ക് വിവരമറിയിക്കുകയും മണിക്കുറുകള്‍ക്ക് ശേഷം മറ്റൊരു താക്കോലുമായി സുഹൃത്ത് ഓട്ടോ റിക്ഷയില്‍ വന്നതോടെയാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്.