കോഴിക്കോട്: രാത്രിയിൽ പെൺകുട്ടികളുടെ പുതിയ മോഡൽ ചെരുപ്പുകൾ മാത്രം കക്കുന്ന കള്ളൻ അവസാനം സിസിടിവി ക്യാമറയിൽ പതിഞ്ഞു. താമരശ്ശേരിയിലാണ് സംഭവം. പുരുഷന്മാരുടെയും ചെറിയ കുട്ടികളുടെയും മുതിർന്ന സ്ത്രീകളുടെയും ചെരുപ്പുകൾ ഇയാൾക്ക് ആവശ്യമില്ല. പെൺകുട്ടികളുടെ മനോഹരമായ ചെരിപ്പുകൾ മാത്രമാണ് കള്ളന് ആവശ്യം. ഏറെക്കാലമായി താമരശ്ശേരി പഞ്ചായത്തിലെ കിടവൂർ, കാരാടി , ചാലംപറ്റ, നിലഞ്ചേരി, പറമ്പത്ത്, ചാലുംമ്പാട്ടിൽ, ചെമ്പ്ര , തുടങ്ങിയ ഭാഗങ്ങളിലെ പല വീട്ടുകാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട് വ്യത്യസ്‌തനായ ഈ മോഷ്‌ടാവ്.
കഴിഞ്ഞ ഏഴ് വർഷത്തോളമായി പെൺകുട്ടികളുടെ മാത്രം ചെരുപ്പുകൾ മോഷണം പോകാൻ തുടങ്ങിയിട്ട്. താമരശ്ശേരി ഭാഗങ്ങളിൽ നൂറുകണക്കിന് ചെരുപ്പുകളാണ് ഇങ്ങനെ മോഷ്‌ടിക്കപ്പെട്ടത്. എന്നാൽ ചെരുപ്പ് ആയതുകൊണ്ട് തന്നെ ആരും അത്ര കാര്യമാക്കിയിരുന്നില്ല. എന്നെങ്കിലുമൊരിക്കൽ ഈ ചെരുപ്പ് കള്ളൻ ഇരുട്ടിൻ്റെ മറവിൽ നിന്നും വെളിച്ചത്തെത്തും എന്ന കാത്തിരിപ്പായിരുന്നു ഇതുവരെ. അതിനിടയിലാണ് ഇപ്പോൾ താമരശ്ശേരിയിലെ ഗവൺമെന്‍റ് യുപി സ്‌കുളിന് പുറകുവശത്തെ ഫർഹാ മൻസിൽ ആയിഷയുടെ വീട്ടിൽ ചെരുപ്പ് മോഷ്‌ടിക്കാൻ എത്തിയപ്പോഴാണ് കള്ളന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞത്.
പുലർച്ചെ പാത്തും പതുങ്ങിയും വീടിനു മുന്നിലെ വരാന്തയിൽ വെച്ച രണ്ട് ജോഡി ലേഡീസ് ചെരുപ്പുകൾ കൈക്കലാക്കി മടങ്ങുന്ന ദൃശ്യമാണ് സിസിടിവിയിലുള്ളത്. കുട്ടികളുടെയും പ്രായമായ സ്ത്രീകളുടെയും പുരുഷന്മാരുടെയുമൊക്കെ ചെരുപ്പുകൾ
വരാന്തയിൽ ഉണ്ടായിരുന്നെങ്കിലും പെൺകുട്ടികളുടെ ചെരിപ്പുകൾമാത്രമാണ് ചെരുപ്പ് കള്ളൻ തിരഞ്ഞെടുത്തത്. ദൃശ്യങ്ങൾ ലഭിച്ചതോടെ ഈ ചെരുപ്പ് കള്ളനെ എത്രയും പെട്ടെന്ന് പിടികൂടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി താമരശ്ശേരി പൊലീസിന് സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതിനൽകി.
ഏതായാലും പെൺകുട്ടികളുടെ ചെരുപ്പുകളോട് മാത്രം ആകർഷണം തോന്നുന്ന ഈ വേറിട്ട കള്ളൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ എത്രയും പെട്ടെന്ന് തന്നെ ഇയാൾ പിടിയിലാകും എന്ന ആശ്വാസത്തിലാണ് താമരശ്ശേരിയിലെ നാട്ടുകാർ.