കോട്ടയം : വൈക്കത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 55 പവന്‍ സ്വര്‍ണവും ഡയമണ്ടുകളും പണവും മോഷണം പോയി. വൈക്കം നഗരസഭ ഒന്‍പതാം വാര്‍ഡ് തെക്കേനാവള്ളില്‍ എന്‍. പുരുഷോത്തമന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്‌ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
പുരുഷോത്തമന്‍ നായരും ഭാര്യ ഹൈമവതിയും മകള്‍ ദേവി പാര്‍വതിയും തിങ്കളാഴ്‌ച രാത്രി 9.30-ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നു. വീട്ടുകാരെ ആശുപത്രിലാക്കിയ ശേഷം ഡ്രൈവര്‍ രാജേഷ് തിരികെ വാഹനം വീട്ടില്‍ കൊണ്ടുവന്നിട്ടു.
വൈകിട്ട് ഇവര്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പുറത്തുനിന്ന് കതകിന്‍റെ പൂട്ടുതുറക്കാന്‍ നോക്കിയപ്പോള്‍ സാധിക്കാതെവന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കുടുംബത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വീടിന്‍റെ സമീപത്തുണ്ടായിരുന്ന ഏണി ഭിത്തിയില്‍ ചാരിവച്ച നിലയില്‍ പൊലീസ് കണ്ടെത്തി. വീടിന്‍റെ ഓട് പൊളിച്ച് അകത്തുകടന്ന മോഷ്‌ടാവ് നാല് മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടിലെ അലമാരികളും വാതിലുകളും ഇരുമ്പുപാര ഉപയോഗിച്ച് കുത്തി തുറന്നായിരുന്നു കവർച്ച.
വിരലടയാളവിദഗ്‌ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്ന് ഡോഗ് സ്കോഡ് സ്ഥലത്തെത്തും. വൈക്കം ഡിവൈഎസ്‌പി ഇമ്മാനുവല്‍ പോള്‍, എസ്എച്ച്ഒ എസ് ദ്വിജേഷ്, എസ്ഐ എസ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവര്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും പരിശോധിച്ചു.