കണ്ണൂർ : തെരഞ്ഞെടുപ്പ് കാലത്തെ ചുവരെഴുത്തുകൾ കലാസൗന്ദര്യത്തിന്‍റെ രാഷ്ട്രീയ പതിപ്പുകളിൽ ഒന്നാണ്. പഴമകൾ പുതുമകളായി പുതുപുത്തൻ രീതിയിൽ ആവിഷ്‌കരിക്കുമ്പോൾ തെരഞ്ഞെടുപ്പ് ചരിത്രവും പ്രചാരണ രീതികളും തൃശ്ശൂർ പൂരത്തിന്‍റെ കുടമാറ്റം പോലെ വർണ വിസ്‌മയങ്ങൾ നിറഞ്ഞതാകുന്നു.
കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റ് കടന്നുള്ള റോഡിൽ സ്‌പിന്നിങ്ങ് മില്ലിന്‍റെ മതിൽക്കെട്ടിൽ ഒരു ചുവരെഴുത്തുണ്ട്. 42 വർഷം മുൻപ് ഒരു നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് എഴുതിയ അതി മനോഹരമായൊരു ചുവരെഴുത്ത്. നീലം കൊണ്ടെഴുതിയ എഴുത്തും ചിഹ്നവും വെയിലും, മഴയും, മഞ്ഞുമേറ്റ് പതിറ്റാണ്ടുകള്‍ തുഴഞ്ഞുതീർക്കുമ്പോഴും മങ്ങിയെങ്കിലും അത് മാഞ്ഞിട്ടില്ല.
'എം പവിത്രന് കലപ്പയേന്തിയ കർഷകൻ അടയാളത്തിൽ വോട്ട് ചെയ്യുക' എന്നാണ് ചുമരെഴുത്തിലെ വാചകം. കലപ്പയേന്തിയ കർഷകന്‍റെ ചിഹ്നവും കാലത്തിന്‍റെ കുത്തൊഴുക്കില്‍ മായാതെ അതേപടിയുണ്ട് ഇവിടെ. ജനത പാർട്ടി സ്ഥാനാർത്ഥിയായിരുന്നു എം പവിത്രൻ.
1982ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ എഴുതിയതാണ് ഈ ചുവരെഴുത്ത്. പി ഭാസ്‌കരൻ ആയിരുന്നു എം പവിത്രന്‍റെ എതിർ സ്ഥാനാർഥി. സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം ജയിച്ചു. ആ കാലഘട്ടത്തിൽ ചുവരെഴുത്തുകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. 1977 മുതൽ 1987 വരെ കണ്ണൂർ മണ്ഡലത്തിന്‍റെ എംഎൽഎ ആയിരുന്നു പി ഭാസ്‌കരൻ.
പി ഭാസ്‌കരന് ശേഷം ആണ് കണ്ണൂർ മണ്ഡലം എൻ രാമകൃഷ്‌ണലൂടെ കോൺഗ്രസ് പക്ഷത്തേക്ക് ചായുന്നത്. എൻ കെ കുമാരനും ഇ അഹമ്മദും ആണ് ഭാസ്‌കരന് മുൻപ് കണ്ണൂരിനെ പ്രതിനിധീകരിച്ചത്. ഭാസ്‌കരന് ശേഷം എൻ രാമകൃഷ്‌ണനെ കൂടാതെ നിലവിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനും എ പി അബ്‌ദുള്ളക്കുട്ടിയും കടന്നപ്പള്ളി രാമചന്ദ്രനും മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തു.
ആ കാലഘട്ടത്തിലെ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ ഓർമയിലുള്ള പലരും മൺമറഞ്ഞു. പക്ഷെ തെരഞ്ഞെടുപ്പ് ചിഹ്നവും പേരും ചരിത്രവും ഇവിടെ ബാക്കിയാണ്. ഇന്നും തെരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ പതിയുന്നുണ്ട് ഇവിടെ.
വെള്ള പൂശി ചായം കലർത്തി തങ്ങളുടെ സ്ഥാനാർഥികൾക്ക് വേണ്ടി ചുമരെഴുത്തുകൾ ഒരുങ്ങുമ്പോൾ അതിൽ ഒരു നിറം അല്ലെന്ന് മാത്രം. പല വർണത്തിൽ സ്ഥാനാർഥിയുടെ ഫോട്ടോ ഉൾപ്പടെ സിനിമ പോസ്‌റ്ററുകളെ വെല്ലുന്നവ. വർഷങ്ങൾക്ക് മുൻപുള്ള തെരഞ്ഞെടുപ്പ് ഓർമകൾക്ക് മുകളിൽ ഇത്തവണ ബുക്കിങ് പതിഞ്ഞുകഴിഞ്ഞു. കാലം മായ്ക്കാത്ത ചുവരെഴുത്ത് ഒരു പക്ഷെ ഇത്തവണ മാറ്റിയെഴുതിയേക്കാം.