ഇടുക്കി : പനംകൂട്ടിയിൽ വീട്ടുവളപ്പില്‍ നട്ടുവളർത്തിയ 39 കഞ്ചാവ് ചെടികളുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു (39 Cannabis Plants Were Planted In The Homestead) . പനംകൂട്ടി ഇളംമ്പശ്ശേരിയില്‍ ഡെനില്‍ വർഗ്ഗീസ് (20) ആണ് അറസ്‌റ്റിലായത്. പാകി മുളപ്പിച്ച നിലയില്‍ 18 സെന്‍റീമീറ്ററോളം വളർച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്.
അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്‍റ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നർക്കോട്ടിക് സ്‌ക്വാഡ് എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്‌ടർ കെ. രാജേന്ദ്രനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്‌റ്റിലായത്.
പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി എക്‌സൈസ് സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. കഞ്ചാവ് ചെടികള്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ് വീട്ടുവളപ്പില്‍ നട്ടുവളർത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ അടിമാലി ജുഡിഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.
കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമം; പ്രതികൾക്ക് 14 വർഷം കഠിന തടവ് : കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് പതിനാല് വർഷം കഠിന തടവും, ആറ് ലക്ഷം രൂപ പിഴയും. ആലപ്പുഴ ജില്ലയിലെ കായംകുളം മുതുകുളം പത്തിയൂർ എരുവ ക്ഷേത്രത്തിന് സമീപം കുന്നിൽ തറയിൽ വീട്ടിൽ ശ്രീകുട്ടൻ (30), തമിഴ്‌നാട് കോയമ്പത്തൂർ പാലക്കാട് മെയിൻ റോഡിൽ ഉമർ മുക്താർ (23), മേട്ടുപാളയം സായി ബാബ കോവിൽ സ്വദേശി ബാബു (32) എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാം അഡിൺണല്‍ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് ശിക്ഷ അനുഭവിക്കണമെന്നും തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷൻസ് കോടതി ജഡ്‌ജി കെ.പി. അനിൽകുമാര്‍ ഉത്തരവിട്ടു.
2021 മെയ് നാലാം തീയതി പകൽ 11.30 നാണ് കേസിനാസ്‌പദമായ സംഭവം. കുമാരപുരം പൂന്തി റോഡിൽ വച്ച് 155 കിലോ കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച കേസിലാണ് മൂന്ന് പ്രതികൾക്കും കോടതി കഠിന തടവും, പിഴയും വിധിച്ചത്. ഏഴ് ചാക്കുകളില്‍ 72 പൊതികളിലായി 155.590 കിലോ ഗ്രാം കഞ്ചാവാണ് പ്രതികള്‍ കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ചത്.
ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്. മെഡിക്കൽ കോളജ് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 2021-ൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് ജില്ലയിലെ വിവിധ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് വിൽപ്പന നടത്തുവാനും, ചില്ലറ വിൽപ്പന നടത്തുന്നവർക്ക് വിൽക്കാനുമായിരുന്നു പ്രതികളുടെ ശ്രമം.
കേസില്‍ പ്രോസിക്യൂഷൻ ഭാഗം ഒൻപത് സാക്ഷികളെയും, 41 രേഖകളും, 15 തൊണ്ടിമുതലുകളും വിചാരണ ഘട്ടത്തിൽ പരിഗണിച്ചു. കേസിലെ രണ്ടാം പ്രതി ഉമർ മുക്താറിന്‍റെ സഹോദരനായ ഷാഫുദീനെയും കേസിന്‍റെ ഭാഗമായി വിസ്‌തരിച്ചിരുന്നു. കേസിലെ ദൃക്‌സാക്ഷികളായ മൂന്ന് സ്വതന്ത്ര സാക്ഷികളും വിചാരണ ഘട്ടത്തിൽ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്‌സ് ഡി. ജി, അഭിഭാഷകരായ രഞ്ജു സി.പി, ജി. ആർ. ഗോപിക, ഇനില രാജ്. പി ആർ, എന്നിവർ ഹാജരായി.
ALSO READ : കുമളിയിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 18 കിലോയിലധികം കഞ്ചാവ്, 2 പേര്‍ അറസ്റ്റില്‍