ഇടുക്കി: ചിന്നക്കനാലിലെ വനം വകുപ്പിന്‍റെ ഫെന്‍സിങ് പദ്ധതിയില്‍ 301 കോളനിയില്ല. കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശത്തെ ഒഴിവാക്കിയതില്‍ ഗൂഡലക്ഷ്യമെന്ന് ആക്ഷേപം. 301 കോളനി ഒഴിവാക്കി സിങ്കുകണ്ടം, ബിഎല്‍റാം മേഖലകളിലാണ് വനം വകുപ്പ് പദ്ധതിയ്ക്ക് രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത് (301 Colony Excluded In Fencing Scheme Of The Forest Department).
301 കോളനി നിവാസികളായ ചിലര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതില്‍ എതിര്‍ത്ത് പ്രകടിപ്പിച്ചതായാണ് വനം വകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ വിശാലമായ പ്രദേശത്തെ വനം വകുപ്പ് ഒഴിവാക്കുകയുയാണെന്നും കാട്ടാന ശല്യം രൂക്ഷമാകുന്നതോടെ നിലവില്‍ കോളനിയില്‍ താമസിക്കുന്നവരും ഇവിടം വിട്ടു പോകുമെന്നാണ് വനം വകുപ്പിന്‍റെ വിലയിരുത്തലെന്നാണ് ആക്ഷേപം.
301 കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കിയ കോളനിയില്‍ നിലവില്‍ 26 കുടുംബങ്ങള്‍ മാത്രമാണ് അധിവസിക്കുന്നത്. വീടുകള്‍ക്ക് ചുറ്റുമെങ്കിലും ഫെന്‍സിങ് ഒരുക്കണമെന്നാണ് കുടിനിവാസികളുടെ ആവശ്യം. അരിക്കൊമ്പനെ കാട് കടത്താന്‍ തീരുമാനം എടുത്ത യോഗത്തില്‍ തന്നെ മതികെട്ടാനില്‍ നിന്നുള്ള കാട്ടാന ശല്യം തടയുന്നതിനായി സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നിലവില്‍ പന്നിയാറില്‍ റേഷന്‍കടയും സ്‌കൂളും അടക്കം സ്ഥിതി ചെയ്യുന്ന ഭാഗത്ത് മാത്രമാണ് ഫെന്‍സിങ് ഉള്ളത്. സിങ്കുകണ്ടം ഉള്‍പ്പടെയുള്ള വിവിധ പ്രദേശങ്ങളിലായി 18 കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ ഫെന്‍സിങ് ഉടന്‍ സ്ഥാപിക്കുമെന്നാണ് വനം വകുപ്പിന്‍റെ ഉറപ്പ്. എന്നാല്‍ ഈ പദ്ധതിയില്‍ നിന്നാണ് 301 കോളനി ഒഴിവാക്കപെട്ടത്.