ഇടുക്കി : ജില്ലയിൽ 2700 ഏക്കർ തോട്ടഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങി. സ്പെഷ്യൽ ഓഫീസർ ആയിരുന്ന എം ജി രാജമാണിക്യം നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ നടപടി. സ്വാതന്ത്ര്യത്തിനുമുൻപ് വിദേശ കമ്പനിയുടെ കൈവശം ഇരുന്നതെന്ന് സ്പെഷ്യൽ ഓഫീസർ കണ്ടെത്തിയ എം എം ജെ പ്ലാന്‍റേഷന്‍റെ 2709.67 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് നടപടി.
ആദ്യഘട്ടമായി കട്ടപ്പന സബ് കോടതിയിൽ ജില്ല കലക്‌ടർ സിവിൽ കേസ് ഫയൽ ചെയ്‌തു. ഏലപ്പാറ വാഗമൺ വില്ലേജുകളിലായി കിടക്കുന്ന കോട്ടമല എസ്‌റ്റേറ്റിന്‍റെ 1795.44 ഏക്കർ , ബോണാമി എസ്‌റ്റേറ്റിന്‍റെ 914 .23 ഏക്കർ ഭൂമി എന്നിവ തിരിച്ചുപിടിക്കാനാണ് തീരുമാനം.
പ്രതിസന്ധിയെ തുടർന്ന് രണ്ട് തോട്ടങ്ങളും പൂട്ടിക്കിടക്കുകയാണ്. വിദേശ കമ്പനികൾ കൈവശംവച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്വാതന്ത്ര്യാനന്തരം സർക്കാരിനാണെന്ന് സ്പെഷ്യൽ ഓഫീസർ കണ്ടെത്തിയിരുന്നു.