കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ 23 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് സ്‌കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അടച്ചു പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്‌ക്കും അയച്ചു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പടർന്നുപിടിച്ചിരുന്നു. നിലവിൽ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്.
മലപ്പുറത്ത് മലമ്പനി; അതിഥി തൊഴിലാളി അടക്കം 4 പേര്‍ക്ക് രോഗം: ഇക്കഴിഞ്ഞ ജൂലൈ 17ന് മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൊന്നാനിയിൽ മൂന്ന് സ്‌ത്രീകൾക്കും, നിലമ്പൂരിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്കുമാണ് രോഗം ബാധിച്ചത്.
ഒഡിഷ സ്വദേശിക്കാണ് നിലമ്പൂരിൽ രോഗബാധയേറ്റത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, മലമ്പനി സ്ഥിരീകരിച്ചതോടെ പൊന്നാനി നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു.
Also Read: സംസ്ഥാനത്ത് എച്ച്1 എൻ1 ആശങ്ക; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു