കോഴിക്കോട്: വാഴക്കാട് എടവണ്ണപ്പാറയിലെ ചാലിയാറിൽ മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ വസ്ത്രം കണ്ടെത്തി(Edavannappara). ചാലിയാറിൽ മൃതദേഹം കണ്ടതിന് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രം കണ്ടെത്തിയത്(Girl death). വാഴക്കാട് പൊലീസിന്‍റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. മേൽവസ്ത്രമില്ലാതെയാണ് ഇവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കാര്യത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു(karate teacher remanded).
പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയ സമയത്ത് റോഡിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ ബൈക്കിലെത്തിയിരുന്നു. പെൺകുട്ടി ഇവരുമായി വാക്കുതർക്കമുണ്ടായതായി നാട്ടുകാർ കണ്ടിട്ടുണ്ട്. മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെൺകുട്ടിയുടെ സഹോദരി പറയുന്നു. മൃതദേഹത്തിൽ മേൽവസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും പെൺകുട്ടിയുടെ സഹോദരി ആവശ്യപ്പെട്ടു.
മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മേൽവസ്ത്രം ഉണ്ടായിരുന്നില്ല. അതിനാലാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ സംശയമുള്ളതെന്നും സഹോദരി പറഞ്ഞു. മുങ്ങാനുള്ള വെള്ളമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നതെന്നും മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും അയല്‍വാസികളും ബന്ധുക്കളും പറയുന്നു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയും നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പെണ്‍കുട്ടിയെ കരാട്ടെ പഠിപ്പിച്ച് കൊണ്ടിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊർക്കടവിൽ കരാട്ടെ സ്ഥാപനം നടത്തുന്ന സിദ്ദീഖ് അലിയെയാണ് വാഴക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാൾ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു. പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഇതിനുമുൻപും പോക്‌സോ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ചാലിയാർ പുഴയില്‍ നിന്നും കണ്ടെത്തിയത് അദ്ധ്യാപകൻ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി വീട്ടുകാരോട് നേരത്തെ പറഞ്ഞിരുന്നു തുടർന്ന് വീട്ടുകാർ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു പെണ്‍കുട്ടിയുടെ മരണം.
അറസ്റ്റ് ചെയ്ത കരാട്ടെ അധ്യാപകൻ സിദ്ദിഖ് അലിയെ കോടതിയിൽ ഹാജരാക്കി. മഞ്ചേരി പോക്സോ കോടതിയിലാണ് ഹാജരാക്കിയത്. വൈകുന്നേരം നാലുമണിയോടുകൂടിയാണ് വാഴക്കാട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിലേക്ക് കൊണ്ടുപോയത്.
പോക്സോ കേസ് ഉൾപ്പെടെ ചാർജ് ചെയ്‌ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വാഴക്കാട് മുണ്ടുമുഴിക്ക് സമീപം ഊർക്കടവിലെ പ്രതിയുടെ വീടിനു മുകളിൽ ആയിരുന്നു കരാട്ടെ ക്ലാസ് നടത്തിയിരുന്നത്. ഇയാളുടെ അതിക്രമത്തെക്കുറിച്ച് കുട്ടി വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതിയിലും പരാതി നൽകി.ഈ പരാതി പൊലീസിന് കൈമാറിയ ഘട്ടത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം കുട്ടിയെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശിശുക്ഷേമ സമിതിക്ക് കുട്ടി നൽകിയ മൊഴിയിൽ ഇയാൾക്കെതിരെയുള്ള പരാമർശങ്ങൾ ഉണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം.ഇതിൻ്റെ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കുട്ടി മരിച്ചെങ്കിലും മൊഴിയനുസരിച്ച് പോക്സോ കുറ്റം നിലനിൽക്കുന്നതിനാലാണ് പ്രതിക്കെതിരെ പോക്സോ ചുമത്തിയത്.
അതേസമയം കുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.കുട്ടിയുടെ കസ്റ്റഡിയിലെടുത്ത ഫോൺ സൈബർ സെല്ലിന് കൈമാറി.ഫോണിലെ വിവരങ്ങൾ കൂടി ശേഖരിച്ച ശേഷമാകും പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുക.