കോഴിക്കോട് : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 13-കാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ചെറുവാടി സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ എൻ മനുലാലിന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. പ്രദേശം സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്‌ത മെഡിക്കൽ ഓഫിസർ പ്രദേശത്ത് പനിബാധിച്ചവരുടെ വിവരങ്ങളും മറ്റും ശേഖരിക്കുകയും ചെയ്‌തു.
കൊതുക് കൂത്താടി ഉറവിടനശീകരണവും പൊതുജനബോധവത്കരണവും നടത്തി.
ക്യൂലക്‌സ് വർഗത്തിൽപ്പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനവും ഛർദിയും, ഓർമക്കുറവ്, മാനസിക വിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം തുടങ്ങിയവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ.
മസ്‌തിഷ്‌കത്തെ ബാധിക്കുന്ന ഈ രോഗത്തിന് തുടക്കത്തിലേ ശരിയായ ചികിത്സ ഉറപ്പുവരുത്തണം. പനി, തലവേദന, മറ്റു അസ്വാസ്ഥ്യങ്ങൾ ഉള്ളവർ സ്വയം ചികിത്സിക്കാതെ ഡോക്‌ടറെ കണ്ട് ചികിത്സ തേടണമെന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞു.
പനി ബാധിക്കുകയും മാനസികാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്യുന്ന രോഗികൾ ഉടനടിതന്നെ ആശുപത്രിയുമായി ബന്ധപ്പെടണം. കൂടുതൽ പ്രതിരോധ നടപടികൾക്കായി ജില്ല വെക്‌ടർ കൺട്രോൾ യൂണിറ്റ് ഞായറാഴ്‌ച പ്രദേശം സന്ദർശിക്കും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ദീപിക, ജെ പി എച്ച് എൻ ഖദീജ, രാധിക, ആശാ വർക്കർമാർ, എം എൽ എസ് പിമാർ, വൊളന്‍റിയർമാർ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.