കോഴിക്കോട്: പുല്ലാങ്കുഴൽ സംഗീതത്തിൽ പ്രതിഭ തെളിയിച്ച് കോഴിക്കോട്ടെ ഒരു പതിമൂന്നുകാരി. കീബോർഡ് ആർട്ടിസ്റ്റും അധ്യാപകനുമായ സന്തോഷ് നിസ്വാർത്ഥയുടെയും സരിതയുടെയും മകൾ അൻമോൽ നിസ്വാർത്ഥയാണ് പുതുചരിത്രം രചിക്കുന്നത്. ഗാനമേള വേദിയിലെ പ്രായം കുറഞ്ഞ ഫ്ലൂട്ട് ആർട്ടിസ്റ്റെന്ന ബഹുമതിയും അൻമോൽ നേടിക്കഴിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കോഴിക്കോട് സെൻ്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇതിനകം അൻപതിലധികം ചലച്ചിത്ര ഗാനങ്ങളും ഗാനമേളയുടെ പിന്നണിയിൽ നിരവധി ഈണങ്ങളുടെ ട്രാക്കും ഈ മിടുക്കി വായിക്കും.
അഞ്ചാം വയസിൽ ഡ്രംസിലാണ് പഠനം തുടങ്ങിയത്. കൊവിഡ് കാലത്ത് അത് നിലച്ചു. ആ സമയത്ത് അച്ഛൻ ധൈര്യം നൽകിയതോടെയാണ് ഓടക്കുഴലിൽ ഒരു ശ്രമം നടത്തിയത്. ഓൺലൈനിൽ വിഖ്യാത സംഗീഞ്ജരുടെ പുല്ലാങ്കുഴൽ കച്ചേരികൾ കണ്ടു. പിന്നാലെ ബാൽരാജ്, വിമൽനാഥ് എന്നിവരുടെ കീഴിൽ ഹിന്ദുസ്ഥാനി പഠിച്ചു തുടങ്ങി.
കുടമാളൂർ ജനാർദ്ദനൻ, അടൂർ രവികുമാർ എന്നിവരുടെ കീഴിൽ കർണാട്ടിക്കും ആരംഭിച്ചു. നിലവിൽ വടകര രാമചന്ദ്രൻ്റെ കീഴിൽ പുല്ലാങ്കുഴൽ അഭ്യസിച്ച് വരികയാണ്. ഈ രംഗത്ത് തന്നെ നിരവധി വേദികൾ കയറണം എന്നതാണ് അൻമോലിൻ്റെ ലക്ഷ്യം.
എലത്തൂരിനടുത്ത് പുതിയ നിരത്ത് സ്വദേശിയായ സന്തോഷ് നിസ്വാർത്ഥ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഗാനമേള വേദികളിൽ സജീവമാണ്. മെഡിക്കൽ കോളജ് കാമ്പസ് ഗവ: ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ കൂടിയാണ് അദ്ദേഹം.
Also Read: ലൈവായി പാടുന്ന പാട്ടുകേട്ട് മുടിവെട്ടാം; കോട്ടയത്തെ സലൂണില്‍ തിരക്കൊഴിഞ്ഞ നേരമില്ല
സംഗീതവും അനുബന്ധ കലകളും പാഠ്യവിഷയമെന്ന പ്രാധാന്യത്തിൽ ക്ലാസുകളിൽ പകർന്ന് നൽകണം എന്നതാണ് സന്തോഷിൻ്റെ പക്ഷം. സമൂഹത്തിൽ ഒരു നല്ല മനുഷ്യനായി വളരാൻ ഇത് വലിയ ഗുണം ചെയ്യുമെന്നും സന്തോഷ് പറഞ്ഞു.