മുംബൈ : ക്രിക്കറ്റ് മൈതാനത്ത് തന്‍റെ കുത്തിത്തിരിയുന്ന പന്തുകളാല്‍ ബാറ്റര്‍മാരെ വട്ടം കറക്കുന്നതില്‍ ഏറെ പ്രശസ്‌തനാണ് ഇന്ത്യന്‍ ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal). ഇന്ത്യയ്‌ക്കായി സമീപകാലത്ത് കളത്തിലിറങ്ങിയിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ എപ്പോഴും ആരാധകര്‍ക്കൊപ്പം ചാഹലുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള രസകരമായ വീഡിയോകളടക്കം പങ്കുവച്ചുകൊണ്ടാണ് ചാഹല്‍ ആരാധകരെ കയ്യിലെടുക്കാറുള്ളത്.
എന്നാല്‍ കളത്തിന് പുറത്ത് 33-കാരനെ വട്ടം കറക്കിയ ഒരു സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗുസ്‌തി താരം സംഗീത ഫോഗട്ടാണ് (Sangeeta Phogat) ചാഹലിനെ ചുമലിലേറ്റി വട്ടം കറക്കിയത്. ഡാന്‍സ് റിയാലിറ്റി ഷോ 'ജലക് ദിഖ്‌ലാ ജാ'യുമായി അനുബന്ധിച്ചുള്ള ഒരു പരിപാടിയ്‌ക്കിടെയാണ് സംഭവം അരങ്ങേറിയത്. ഷോയില്‍ ഫൈനലിലേക്ക് എത്തിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ചാഹലിന്‍റെ ഭാര്യ ധനശ്രീ വര്‍മ (Dhanashree Verma).
ഇതോടെയാണ് ചാഹലും ഇതിന്‍റെ ഭാഗമാവുന്നത്. ചുമലിലേറ്റിയ ശേഷം അനാസായമായാണ് സംഗീത ഫോഗട്ട് ചാഹലിനെ വട്ടം കറക്കിയത്. കാഴ്‌ചക്കാരായുള്ളവര്‍ ചിരിക്കുന്നുണ്ടെങ്കിലും തലകറങ്ങി കിളി പാറിയ ചാഹലിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
അതേസമയം അടുത്തിടെ പ്രഖ്യാപിച്ച വാര്‍ഷിക കരാറില്‍ നിന്നും യുസ്‌വേന്ദ്ര ചാഹലിനെ ബിസിസിഐ ഒഴിവാക്കിയിരുന്നു. വൈറ്റ് ബോള്‍ ടീമില്‍ പ്രധാനിയായിരുന്ന 33-കാരന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഇന്ത്യയ്‌ക്കായി അവസാനമായി കളിച്ചത്. നീലപ്പടയ്‌ക്കായി 72 ഏകദിനങ്ങളില്‍ നിന്നും 121 വിക്കറ്റുകളും 80 ടി20 മത്സരങ്ങളില്‍ നിന്നും 96 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ നടന്ന ഏകദിന ലോകകപ്പില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സെലക്‌ടര്‍മാര്‍ താരത്തെ പരിഗണിച്ചിരുന്നില്ല. ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണിലൂടെയാവും യുസ്‌വി വീണ്ടും കളത്തിലേക്ക് എത്തുക. മലയാളി താരം സഞ്‌ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമാണ് ചാഹല്‍.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയിട്ടുള്ള താരമാണ് യുസ്‌വി. 145 കളികളില്‍ നിന്നായി 187 വിക്കറ്റുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപും ചാഹലിനായിരുന്നു.
അതേസമയം ബിസിസിഐ കരാറില്‍ നിന്നും ചാഹലിനെ ഒഴിവാക്കിയതിനെതിരെ ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര നേരത്തെ രംഗത്ത് എത്തിയിരുന്നു. ബിസിസിഐയുടെ നടപടി തനിക്ക് മനസിലാവുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
"യുസ്‌വേന്ദ്ര ചാഹലിന്‍റെ പേര് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ ഇല്ലാത്തതില്‍ ഞാൻ അൽപ്പം ആശ്ചര്യപ്പെടുന്നു. അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, ശിഖർ ധവാൻ... അവര്‍ പുറത്തായത് മനസിലാക്കാന്‍ കഴിയുന്ന കാര്യമാണ്. ദീപക് ഹൂഡയുടെ കാര്യം പോലും എനിക്ക് മനസിലാവും.
പക്ഷെ, ചാഹലിന്‍റെ കാര്യം അങ്ങനെയല്ല. ചാഹലിന് പകരം മറ്റൊരാളെ നോക്കുന്നു എന്നാണോ ഇതു വഴി ബിസിസിഐ അര്‍ഥമാക്കുന്നത്. എന്തു തന്നെയായാലും ചാലിനുണ്ടായിരുന്ന നേരിയ ഒരു പ്രതീക്ഷ ഇതോടെ അവസാനിച്ചിട്ടുണ്ടാവും" എന്നായിരുന്നു ആകാശ് ചോപ്രയുടെ വാക്കുകള്‍.