ഇംഗ്ലണ്ടിനെതിരായ മികവ്; ജയ്‌സ്വാളിന് ഐസിസി പുരസ്‌കാരത്തിന് നാമനിര്‍ദേശം - യശസ്വി ജയ്‌സ്വാള്‍
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം നടത്താന്‍ യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞിരുന്നു.
Published : Mar 4, 2024, 3:59 PM IST
ദുബായ്: ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് (Yashasvi Jaiswal) 2024 ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡിന് (ICC Men's Player of the Month Award for February 2024) നാമനിർദേശം. ന്യൂസിലൻഡ് സ്റ്റാർ ബാറ്റർ കെയ്ൻ വില്യംസൺ (Kane Williamson), ശ്രീലങ്കൻ ഓപ്പണർ പാത്തും നിസ്സാങ്ക (Pathum Nissanka) എന്നിവരാണ് അവാര്‍ഡിനായി 22-കാരനൊപ്പം മത്സരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ (India vs England Test) മികവാണ് ജയ്‌സ്വാളിന് തുണയായത്. തുടർച്ചയായ രണ്ട് ഇരട്ട സെഞ്ചുറികളുമായി താരം കളം നിറഞ്ഞ മാസമാണ് ഫെബ്രുവരി. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലായിരുന്നു യശസ്വി തന്‍റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത്.
290 പന്തുകളില്‍ 19 ബൗണ്ടറികളും ഏഴ് സിക്‌സറും സഹിതം 209 റണ്‍സായിരുന്നു സമ്പാദ്യം. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു താരത്തിന്‍റെ അടുത്ത ഡബിള്‍ സെഞ്ചുറി. 236 പന്തുകളില്‍ 14 ബൗണ്ടറികളും 12 സിക്‌സറും സഹിതം പുറത്താവാതെ 214 റണ്‍സായിരുന്നു താരം നേടിയത്.
ഇതോടെ ടെസ്റ്റില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി യശസ്വി മാറി. സർ ഡൊണാൾഡ് ബ്രാഡ്മാനും ( Sir Donald Bradman) വിനോദ് കാംബ്ലിയുമാണ് (Vinod Kambli) മുന്നിലുള്ളത്. കൂടാതെ വിനോദ് കാംബ്ലിക്കും വിരാട് കോലിക്കും (Virat Kohli) ശേഷം ടെസ്റ്റില്‍ തുടര്‍ച്ചായി ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് യശസ്വി. ഫെബ്രുവരിയില്‍ കളിച്ച മൂന്ന് ടെസ്റ്റുകളില്‍ നിന്നും 112 ശരാശരിയിൽ 560 റൺസാണ് താരം അടിച്ച് കൂട്ടിയത്.
ഏകദിനത്തില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്‍റെ ആദ്യ ഡബിള്‍ സെഞ്ചുറി നേടിയാണ് അവാര്‍ഡിനായി നിസ്സാങ്ക തന്‍റെ പേര് മുന്നോട്ട് വച്ചിരിക്കുന്നത്. അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 139 പന്തുകളില്‍ പുറത്താവാതെ 210 റണ്‍സായിരുന്നു 25-കാരന്‍ അടിച്ച് കൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ന്യൂസിലന്‍ഡിന്‍റെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തിന് മുതല്‍ക്കൂട്ടായ പ്രകടനത്തോടെയാണ് കെയ്‌ന്‍ വില്യംസണ്‍ പട്ടികയില്‍ ഇടം കണ്ടെത്തിയത്.
മൗണ്ട് മൗംഗനുയിയിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ട് സെഞ്ചുറികള്‍ നേടി തിളങ്ങാന്‍ കിവീസ് വെറ്ററന് കഴിഞ്ഞിരുന്നു. ഹാമില്‍ട്ടണില്‍ നടന്ന രണ്ടാം മത്സരത്തിലും വില്യംസണ്‍ സെഞ്ചുറി തൂക്കി. താരത്തിന്‍റെ മിന്നും പ്രകടനത്തിന്‍റെ മികവില്‍ രണ്ട് മത്സര പരമ്പര ഏകപക്ഷീയമായി ആയിരുന്നു കിവികള്‍ സ്വന്തമാക്കിയത്.