വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) പുറത്തെടുത്തത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണറായി ക്രീസിലെത്തിയ ജയ്‌സ്വാള്‍ 290 പന്തില്‍ 209 റണ്‍സടിച്ചാണ് പുറത്തായത്. 19 ഫോറും ഏഴ് സിക്‌സറും അടങ്ങിയതായിരുന്നു വിശാഖപട്ടണത്തെ താരത്തിന്‍റെ ഇന്നിങ്‌സ്.
മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ സിക്‌സറടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കിയ ജയ്‌സ്വാള്‍ രണ്ടാം ദിവസം ഷൊയ്‌ബ് ബഷീറിനെ സിക്‌സും ഫോറുമടിച്ചാണ് ഇരട്ട സെഞ്ച്വറിയിലേക്ക് എത്തിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറില്‍ താരത്തിന്‍റെ ആദ്യത്തെ ഇരട്ട സെഞ്ച്വറിയായിരുന്നു ഇത്. ഈ പ്രകടനത്തോടെ 2019ന് ശേഷം ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യമായി ടെസ്റ്റില്‍ ഇരുന്നൂറ് അടിക്കുന്ന താരമായും ജയ്‌സ്വാള്‍ മാറി (Yashasvi Jaiswal Double Century).
രാജ്യാന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയതെങ്കിലും സെഞ്ച്വറിക്കും ഡബിള്‍ സെഞ്ച്വറിക്കും ശേഷമുള്ള താരത്തിന്‍റെ ആഹ്ലാദപ്രകടനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം. ഫുട്‌ബോള്‍ സെന്‍സേഷന്‍ റയല്‍ മാഡ്രിഡിന്‍റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിന്‍റെ ഗോള്‍ സെലിബ്രേഷനുമായി ജയ്‌സ്വാളിന്‍റെ ആഘോഷങ്ങള്‍ക്ക് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇരുവരുടെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ പങ്കുവയ്‌ക്കുന്നുണ്ട് (Yashasvi Jaiswal Celebration Like Jude Bellingham).
അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 396 റണ്‍സിലാണ് അവസാനിച്ചത് (India vs England 2nd Test). ജയ്‌സ്വാളിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മറ്റാരും 40 റണ്‍സ് നേടാത്ത സാഹചര്യത്തിലാണ് ജയ്‌സ്വാള്‍ 209 റണ്‍സ് അടിച്ചെടുത്തതെന്നതാണ് ശ്രദ്ധേയം.
34 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്ലാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 14 റണ്‍സും ശ്രേയസ് അയ്യര്‍ 27 റണ്‍സുമായിരുന്നു നേടിയത്. അരങ്ങേറ്റക്കാരന്‍ രജത് പടിദാര്‍ 32 റണ്‍സടിച്ചായിരുന്നു ആദ്യ ഇന്നിങ്‌സില്‍ പുറത്തായത്. പേസര്‍ ജെയിംസ് ആൻഡേഴ്‌സണ്‍, സ്പിന്നര്‍മാരായ ഷൊയ്‌ബ് ബഷീര്‍, രേഹന്‍ അഹമ്മദ് എന്നിവര്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റുകളാണ് മത്സരത്തില്‍ നേടിയത്.
Also Read : ആദ്യ ഡബിൾ യശസ്വോടെ...ജയ്‌സ്വാൾ പോക്കറ്റിലാക്കിയ റെക്കോഡുകൾ ഇതാ...