അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) പോയിന്‍റ് പട്ടികയില്‍ തിരിച്ചടി നേരിട്ട് ഇന്ത്യ. പോയിന്‍റ് പട്ടികയില്‍ 61.11 പോയിന്‍റ് ശതമാനവുമായി തലപ്പത്തുണ്ടായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവില്‍ 57.29 ആണ് ഇന്ത്യയുടെ പോയിന്‍റ് ശതമാനം.
16 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും ആറ് തോല്‍വിയും ഒരു സമനിലയുമാണ് രോഹിത് ശര്‍മയുടെ ടീമിനുള്ളത്. 60.71 പോയിന്‍റ് ശതമാനവുമായി ഓസ്‌ട്രേലിയ ഒന്നാമതെത്തി. 14 മത്സരങ്ങളില്‍ ഒമ്പത് വിജയവും ഒരു സമനിലയും നാല് തോല്‍വിയുമാണ് ഓസീസിനുള്ളത്. നേരത്തെ, പെര്‍ത്ത് ടെസ്റ്റില്‍ തോറ്റതോടെ മൂന്നാം സ്ഥാനത്തായിരുന്നു ഓസീസ്.
THE WTC POINTS TABLE...!!! 🏆 pic.twitter.com/wMp6wsk6yM
— Mufaddal Vohra (@mufaddal_vohra) December 8, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
59.26 പോയിന്‍റ് ശതമാനവുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. നിലവില്‍ ശ്രീലങ്കയ്‌ക്ക് എതിരെ പുരോഗമിക്കുന്ന ടെസ്റ്റില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ഓസീസിനെ മറികടന്ന് ഒന്നാമതെത്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് കഴിയും. ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ പ്രോട്ടീസ് മൂന്നെണ്ണത്തിലാണ് തോല്‍വി വഴങ്ങിയത്.
ഇന്ത്യയ്‌ക്ക് താഴെ 50 പോയിന്‍റ് ശതമാനവുമായി ശ്രീലങ്കയാണ് നാലാമതുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബെര്‍ത്തില്‍ പ്രതീക്ഷവയ്‌ക്കാന്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യയ്‌ക്ക് നിര്‍ണായകമാണ്. നാല് മത്സരങ്ങള്‍ വിജയിച്ചിരുന്നുവെങ്കില്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ഇന്ത്യയ്‌ക്ക് ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. ഇനി മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ 64.03 എന്ന പോയിന്‍റ് ശരാശരിയിലേക്കാണ് ഇന്ത്യയ്‌ക്ക് എത്താന്‍ കഴിയുക.
ALSO READ: പെര്‍ത്തിലെ തോല്‍വിക്ക് കടം വീട്ടി ഓസ്‌ട്രേലിയ; അഡ്‌ലെയ്‌ഡില്‍ ഇന്ത്യയ്‌ക്ക് 10 വിക്കറ്റ് തോല്‍വി
അതേസമയം അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ 10 വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. രണ്ടാം ഇന്നിങ്‌സിന് ശേഷം ഇന്ത്യ മുന്നോട്ടുവച്ച 19 റണ്‍സിന്‍റെ വിജയ ലക്ഷ്യത്തിലേക്ക് ഓസീസ് ഓപ്പണര്‍മാര്‍ അനായാസമാണ് എത്തിയത്. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-1ന് ഓസീസ് ഇന്ത്യയ്‌ക്ക് ഒപ്പമെത്തി.