ബെംഗളൂരു: വനിത പ്രീമിയര്‍ ലീഗിലെ (Women's Premier League) ആദ്യ മത്സരത്തില്‍ ആവേശജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് (Mumbai Indians). ഡല്‍ഹി കാപിറ്റല്‍സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ അവസാന പന്തിലാണ് മുംബൈ മറികടന്നത് (Mumbai Indians vs Delhi Capitals Result). ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ സിക്‌സര്‍ പറത്തി മലയാളി താരം സജന സജീവനായിരുന്നു (Sajana Sajeevan) ചാമ്പ്യന്മാര്‍ക്ക് ജയത്തുടക്കം സമ്മാനിച്ചത്.
ക്യാപ്‌റ്റൻ ഹര്‍മൻ പ്രീത് കൗറും (Harmanpreet Kaur) യാസ്‌തിക ഭാട്ടിയയും (Yastika Bhatia) മത്സരത്തില്‍ മുംബൈയ്‌ക്കായി അര്‍ധസെഞ്ച്വറി നേടി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും മുംബൈയെ കരകയറ്റിയത് ഇവരുടെ ഇന്നിങ്‌സായിരുന്നു. 34 പന്തില്‍ 55 റണ്‍സ് നേടിയ ഹര്‍മൻപ്രീത് കൗറിനെ മത്സരത്തിന്‍റെ അവസാന ഓവറിലായിരുന്നു മുംബൈയ്‌ക്ക് നഷ്‌ടപ്പെട്ടത്.
172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയുടെ തുടക്കം മികച്ചതായിരുന്നില്ല. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ സ്റ്റാര്‍ ഓപ്പണര്‍ ഹെയ്‌ലി മാത്യൂസിനെ (0) അവര്‍ക്ക് നഷ്‌ടമായി. രണ്ടാം വിക്കറ്റില്‍ യാസ്‌തിക ഭാട്ടിയയും നാറ്റ് സ്‌കിവര്‍ ബ്രണ്ടും ചേര്‍ന്ന് മുംബൈ സ്കോര്‍ ഉയര്‍ത്തി. പവര്‍പ്ലേയില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ക്കാൻ ഇരുവര്‍ക്കുമായി.
ഏഴാം ഓവറിന്‍റെ ആദ്യ പന്തില്‍ സ്‌കിവര്‍ ബ്രണ്ടിനെ (19) മുംബൈയ്‌ക്ക് നഷ്‌ടപ്പെട്ടു. പിന്നാലെ, ഹര്‍മൻപ്രീത് കൗര്‍ ക്രീസിലേക്കെത്തി. യാസ്‌തിക-ഹര്‍മൻപ്രീത് സഖ്യവും അനായാസം റണ്‍സ് കണ്ടെത്തി. 45 പന്തില്‍ 57 റണ്‍സ് നേടിയ യാസ്തികയെ മത്സരത്തിന്‍റെ 14-ാം ഓവറില്‍ ഡല്‍ഹി പുറത്താക്കി.
16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 129-ന് 3 എന്ന നിലയിലായിരുന്നു മുംബൈ. ഹര്‍മൻപ്രീത് കൗറിനൊപ്പം അമേലിയ കെര്‍ ആയിരുന്നു ക്രീസില്‍. പിന്നീടായിരുന്നു ട്വിസ്റ്റ്. 18-ാം ഓവറില്‍ അമേലിയയുടെ വിക്കറ്റ് മുംബൈയ്‌ക്ക് നഷ്‌ടമായി.
പിന്നാലെയെത്തിയ പൂജ വസ്‌ത്രകാറിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവറിലെ ആദ്യ പന്തിലാണ് പൂജ പുറത്തായത്. അഞ്ചാം പന്തില്‍ ഹര്‍മനും വീണതോടെ മത്സരത്തില്‍ ജയം നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഡല്‍ഹി. ഹര്‍മൻ പുറത്തായതോടെ ഒരു പന്തില്‍ അഞ്ച് റണ്‍സ് അകലെയായിരുന്നു മുംബൈയുടെ വിജയലക്ഷ്യം.
എട്ടാം നമ്പറില്‍ ക്രീസിലെത്തിയ സജന അലീസ് കാപ്‌സിയെ സിക്‌സര്‍ പറത്തി മുംബൈയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. മത്സരത്തില്‍ അലീസ് കാപ്‌സി, അരുന്ധതി റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 5 വിക്കറ്റ് നഷ്‌ടത്തിലാണ് 171 റണ്‍സ് നേടിയത്. 75 റണ്‍സ് നേടിയ അലീസ് കാപ്‌സിയായിരുന്നു അവരുടെ ടോപ് സ്കോറര്‍.
Also Read : ബാസ്‌ബോളിനെ കയ്യൊഴിഞ്ഞു, സെഞ്ചുറി; ഇന്ത്യയ്‌ക്കെതിരെ തകര്‍പ്പന്‍ റെക്കോഡിട്ട് ജോ റൂട്ട്