കോഴിക്കോട്: സൗദിയില്‍ വനിതാ ബാഡ്‌മിന്‍റണിൽ വീണ്ടും വിജയക്കൊടി പാറിച്ച് കൊടുവള്ളി സ്വദേശിനി ഖദീജ നിസ. കഴിഞ്ഞ ദിവസം സമാപിച്ച സൗദി ജൂനിയർ വനിത അണ്ടർ 19 കിങ്ഡം ടൂർണമെന്‍റിൽ സിംഗിൾസിലും ഡബിൾസിലും വിജയിച്ച് ഇരട്ട സ്വർണ നേട്ടവുമായാണ് ഖദീജ കപ്പ് ഉയർത്തിയത്.
സൗദിയുടെ വനിതാ കായികരംഗത്ത് തന്‍റേതായ ചരിത്രം രചിക്കുകയാണ് ഖദീജ നിസ. ആദ്യത്തെയും രണ്ടാമത്തെയും സൗദി ഗെയിംസിൽ തുടർച്ചയായ സ്വർണ നേട്ടത്തിന് പിറകെയാണ് ഖദീജ ബാഡ്‌മിന്‍റണിലും സ്വര്‍ണം സ്വന്തമാക്കിയത്.
സൗദിയിലെ മുപ്പത് പ്രമുഖ ക്ലബുകളാണ് കിങ്‌ഡം ടൂർണമെന്‍റിൽ ഏറ്റുമുട്ടിയത്. ഓഗസ്റ്റ് 14 മുതൽ 16 വരെ നടന്ന ടൂർണമെന്‍റിലെ സിംഗിൾസ്, ഡബിൾസ് ജൂനിയർ മത്സരങ്ങളിലാണ് ഇത്തിഹാദ് ക്ലബിനു വേണ്ടി ഖദീജ കിരീടം നേടിയത്. ഫൈനലിൽ സൗദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലിനു വേണ്ടി കോർട്ടിലിറങ്ങിയ താരത്തെയാണ് ഖദീജ തറപറ്റിച്ചത്.
ഡബിൾസിൽ സിദ്രത്ത് അൽ നാസർ ആയിരുന്നു പങ്കാളി. കഴിഞ്ഞ വർഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് രണ്ട് സ്വർണമുൾപ്പെടെ 10 മെഡലുകളാണ് ഖദീജ നിസ നേടിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് 15 രാജ്യങ്ങൾ പങ്കെടുത്ത അറബ് ജൂനിയർ ആൻഡ് സീനിയർ ചാമ്പ്യൻഷിപ്പിൽ സൗദിക്കായി ദേശീയ ജഴ്‌സി അണിഞ്ഞ് മൂന്ന് മെഡലുകൾ നേടിയിരുന്നു.
സ്‌കൂൾ കാലം മുതൽ അസാമാന്യ പ്രകടനത്തിലൂടെ വിജയിച്ചു വന്ന പെൺകുട്ടിയുടെ കായികമികവും പ്രതിഭയും തിരിച്ചറിഞ്ഞ ഇത്തിഹാദ് ക്ലബ്ബ് തങ്ങളുടെ താരമാക്കുകയായിരുന്നു. ഇത്തിഹാദിന്‍റെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു പിന്നീടങ്ങോട്ട് മലയാളി താരത്തിന്‍റെ ഒരോ നേട്ടങ്ങളും.
റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഐ.ടി എൻജിനീയർ കൂടത്തിങ്ങൽ അബ്ദുൽ ലത്തീഫിന്‍റേയും ഷാനിത ലത്തീഫിന്‍റേയും മകളാണ് ഖദീജ നിസ. റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. ഇപ്പോൾ സ്പോർട്‌സ് മാനേജ്‌മെന്‍റിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായി കോഴിക്കോട് ദേവഗിരി കോളജിൽ പഠിക്കുകയാണ് ഖദീജ. വനിതാ ബാഡ്‌മിന്‍റണിൽ സൗദിക്കായി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ച ഖദീജ നിസക്ക് സൗദിയിലെ കായിക മേഖലയിലെ അധികൃതര്‍ ദേശീയ താരമെന്ന നിലയില്‍ വലിയ പിന്തുണ നൽകി പ്രോത്സാഹിപ്പിക്കുന്നുണ്ട്.