ദുബായ്: വനിത ടി20 ലോകകപ്പില്‍ ഇന്ത്യ മരണ ഗ്രൂപ്പില്‍. 10 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റ് 2024 ഒക്‌ടോബറിൽ ബംഗ്ലാദേശിലാണ് നടക്കുന്നത്. ടി20 ലോകകപ്പ് ഗ്രൂപ്പുകളും മത്സരക്രമവും ഇന്നാണ് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്ത് വിട്ടിരിക്കുന്നത്.
പത്ത് ടീമുകളെ അഞ്ചെണ്ണം വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് സെമി ഫൈനലിലേക്ക് മുന്നേറാം. ഒക്‌ടോബര്‍ 17, 18 തീയതികളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. 20-ന് ധാക്കയിലാണ് ഫൈനല്‍.
നിലവില്‍ എട്ട് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിച്ചിട്ടുള്ളത്. യോഗ്യത മത്സരം കളിച്ച് എത്തുന്നവര്‍ക്കാണ് ബാക്കിയുള്ള രണ്ട് സ്ഥാനങ്ങള്‍. നിലവിലെ ചാമ്പ്യന്മാരും ആറ് തവണ ജേതാക്കളുമായ ഓസ്‌ട്രേലിയ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. ചിരവൈരികളായ പാകിസ്ഥാനും ന്യൂസിലന്‍ഡിനുമൊപ്പം യോഗ്യത മത്സരം കളിച്ചെത്തുന്ന മറ്റൊരു ടീമുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.
ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, യോഗ്യത മത്സരം കളിച്ചെത്തുന്ന മറ്റൊരു ടീം എന്നിവരാണുള്ളത്. ഫിക്‌ചർ ലോഞ്ചില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരും പങ്കെടുത്തു.
ഇന്ത്യയുടെ മത്സരങ്ങള്‍: ഒക്‌ടോബർ നാലിന് ന്യൂസിലൻഡിനെതിരെ സിൽഹെറ്റിലാണ് ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരം കളിക്കുക. തുടര്‍ന്ന് ഒക്‌ടോബർ ആറിന് പാകിസ്ഥാനെ നേരിടും. ഒക്‌ടോബർ 9-ന് ക്വാളിഫയർ 1 വിജയിയുമായും ഒക്‌ടോബർ 13-ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്ക് എതിരെയുമാണ് അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍.
വനിത ടി20 ലോകകപ്പ് ഗ്രൂപ്പ്:
ഗ്രൂപ്പ് എ: ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ക്വാളിഫയർ 1.
ഗ്രൂപ്പ് ബി: ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ക്വാളിഫയർ 2.
അതേസമയം ജൂണില്‍ നടക്കുന്ന പുരുഷന്മാരുടെ ടി20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ആതിഥേയരാവുന്നത്. ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ കളിക്കുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്‌ജു സാംസണും 15 അംഗ ടീമിന്‍റെ ഭാഗമാണ്. 11 വര്‍ഷത്തിലേറെ നീണ്ട ഐസിസി കിരീട വരള്‍ച്ച് അവസാനിപ്പിക്കാനാണ് രോഹിത്തും സംഘവും ടൂര്‍ണമെന്‍റിനിറങ്ങുന്നത്.