ഹൈദരാബാദ്: ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാർക്ലേ സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ പുതിയ ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. ബാർക്ലേയുടെ കാലാവധി അടുത്ത നവംബറിൽ അവസാനിക്കും. വീണ്ടും ചെയര്‍മാനാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗ്രെഗ് ബാര്‍ക്ലെ ഐസിസി ഡയറക്ടർമാരുടെ യോഗത്തിൽ പറഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തില്‍ ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് തലപ്പത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ജയ് ഷാ ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ബിസിസിഐ സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം ഒഴിയും. ഈ സാഹചര്യത്തിൽ ബിസിസിഐയുടെ അടുത്ത സെക്രട്ടറി ആരെന്ന ചർച്ച ശക്തമായി. രാജീവ് ശുക്ല, ആശിഷ് ഷെലാർ, അരുൺ സിങ് ധുമാൽ എന്നിവരുടെ പേരുകൾ ബിസിസിഐയുടെ അടുത്ത സെക്രട്ടറിമാർക്കുള്ള കാർഡിലുണ്ടെന്നാണ് സൂചന.
16 ഐസിസി അംഗങ്ങളിൽ 15 പേരും സ്ഥാനം ഏറ്റെടുക്കാൻ ജയ്ഷായെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കരുതുന്നത്. അതേസമയം, ബിസിസിഐ സെക്രട്ടറിയായി ജയ്‌ഷയ്ക്ക് ഒരു ടേം കൂടിയുണ്ട്. അതിനാൽ അടുത്ത 96 മണിക്കൂറിനുള്ളിൽ രണ്ട് തീരുമാനങ്ങൾ എടുക്കാൻ ജയ്ഷ നിർബന്ധിതനാകും.
നിലവിൽ ബിസിസിഐ ഡെപ്യൂട്ടി സെക്രട്ടറിയാണ് രാജീവ് ശുക്ല. കോൺഗ്രസ് പാർട്ടി രാജ്യസഭാംഗവുമാണ്. കൂടാതെ രണ്ട് തവണ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) ചെയര്‍മാനായും ശുക്ല പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിക്കുന്നു.
ആശിഷ് ഷെലാർ ബിസിസിഐയുടെ ട്രഷററാണ്. മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു പ്രധാന അംഗവും മുംബൈ ബിജെപി അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. മറുവശത്ത് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂറിന്‍റെ സഹോദരനും നിലവിലെ ഐപിഎൽ ചെയര്‍മാനുമായ അരുൺ സിങ് ധുമൽ. ബിസിസിഐ ട്രഷററുമായിരുന്നു. അരുൺ സിങ് ധുമാലിനാണ് ബിസിസിഐ സെക്രട്ടറി സ്ഥാനം ലഭിക്കാൻ ഏറ്റവും സാധ്യതയെന്നും പറയപ്പെടുന്നു.