ചെന്നൈ: ദൊമ്മരാജു ഗുകേഷ് എന്ന പതിനേഴുകാരന്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആണ്. ഫിഡെ (FIDE) ടൂര്‍ണമെന്‍റിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയെന്ന ബഹുമതിയും ഈ തമിഴ്‌നാട്ടുകാരന്‍ ഇതിനകം സ്വന്തമാക്കിയിരിക്കുന്നു. ഗുകേഷിനെ ഈ നേട്ടങ്ങളിലേക്ക് എത്തിച്ചത് വിഷ്‌ണു പ്രസന്ന എന്ന ഗ്രാന്‍ഡ് മാസ്‌റ്ററാണ്. ഗുകേഷിന്‍റെ ഭാവി പരിപാടികളെക്കുറിച്ച് വിഷ്‌ണു പ്രസന്ന ഇടിവി ഭാരതിനോട് വിശദീകരിച്ചു.
ഫിഡെ ചെസ് ചാമ്പ്യന്‍ഷിപ്പ് കാനഡയില്‍ നടക്കുകയാണ്. ഈ പരമ്പരയില്‍ പതിനേഴുകാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷ് പതിനാല് മത്സരങ്ങള്‍ കളിച്ചു. ഇതില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒന്‍പത് പോയിന്‍റുകള്‍ നേടുകയും ചെയ്‌തു. ഇതോടെ ചരിത്രപരമായ ഒരു റെക്കോര്‍ഡും ഈ കൊച്ചുമിടുക്കന്‍ സ്വന്തമാക്കി. 2024 ഫിഡെ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്‍റിലെ ചാമ്പ്യന്‍ പദവിയാണ് ഗുകേഷ് സ്വന്തമാക്കിയിരിക്കുന്നത്.
താന്‍ ഈ നേട്ടത്തില്‍ വലിയ സന്തോഷത്തിലാണെന്ന് ഗുകേഷിന്‍റെ പരിശീലകന്‍ വിഷ്ണു പ്രസന്ന ഇടിവി ഭാരതിനോട് പറഞ്ഞു. തങ്ങളുടെ കളികള്‍ മാനസികമായും ശാരീരികമായും മെച്ചപ്പെടുത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ശരിയായി തങ്ങള്‍ ചെയ്‌തു. അതില്‍ വിജയിക്കുകയും ചെയ്‌തു എന്നും അദ്ദേഹം പറഞ്ഞു.
ഗുകേഷ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തന്‍റെ ഇടം മെച്ചപ്പെടുത്താനുള്ള കഠിന യഞ്ജത്തിലാണ് ഗുകേഷ്. തന്‍റെ ദൗര്‍ബല്യങ്ങള്‍ മറികടക്കാനും പരിശ്രമിക്കുന്നു. ചെസില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെസിന് കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ കളിക്കാര്‍ക്ക് മെല്ലെ മെല്ലെ ഏറ്റവും ഉയരത്തില്‍ എത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.