മുംബൈ : ക്രിക്കറ്റ് ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്‌മാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുമായി ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ താരതമ്യം ചെയ്യുന്നതിനുള്ള സമയം ആയിട്ടില്ലെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇരട്ടസെഞ്ച്വറിയടിച്ച് ഏവരുടെയും പ്രശംസയേറ്റുവാങ്ങാന്‍ നേരത്തെ ജയ്‌സ്വാളിനായിരുന്നു. ഈ പ്രകടനത്തിന് പിന്നാലെയായിരുന്നു പല മുൻ താരങ്ങളും ജയ്‌സ്വാളിനെ ഇതിഹാസ താരങ്ങളുമായി താരതമ്യപ്പെടുത്തി രംഗത്തെത്തിയത് (Virender Sehwag On Yashasvi Jaiswal).
'അവന്‍ വളരെ നല്ലൊരു ബാറ്ററാണ്. എന്നാല്‍, ഈ താരതമ്യപ്പെടുത്തലുകളെല്ലാം വളരെ നേരത്തെയാണ് എന്നാണ് എനിക്ക് തോന്നുന്നത്'- എന്നായിരുന്നു സെവാഗ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 290 പന്ത് നേരിട്ട് 209 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്.
പ്രധാനപ്പെട്ട ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് ജയ്‌സ്വാളിന്‍റെ ഇരട്ട സെഞ്ച്വറി പ്രകടനമായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഈ സാഹചര്യത്തിലായിരുന്നു മുന്‍ താരങ്ങള്‍ ജയ്‌സ്വാളിനെ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുമായി താരതമ്യപ്പെടുത്തിയത്. ഇതിനെതിരെ മുന്‍ താരം ഗൗതം ഗംഭീറും നേരത്തെ രംഗത്തെത്തിയിരുന്നു. ജയ്‌സ്വാളിനെ പുകഴ്‌ത്തി യുവതാരത്തിന്‍റെ കരിയര്‍ നശിപ്പിക്കരുതെന്നായിരുന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നത്. വിശാഖപട്ടണത്തെ ഇരട്ടസെഞ്ച്വറി പ്രകടനത്തിന് പിന്നാലെയായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.
'ഇരട്ടസെഞ്ച്വറി നേടിയ ജയ്‌സ്വാളിനെ ഞാൻ അഭിനന്ദിക്കുന്നു. അതിനോടൊപ്പം അവനെ പ്രശംസകള്‍ കൊണ്ട് മൂടി നശിപ്പിക്കരുത് എന്നാണ് എല്ലാവരോടുമായി എനിക്ക് പറയാനുള്ളത്. തന്‍റെ ശൈലിയില്‍ കളിക്കാന്‍ അവനെ അനുവദിക്കണം. മുന്‍പും പല പ്രാവശ്യം ഇന്ത്യയില്‍ ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഏതെങ്കിലും ഒരു താരം തകര്‍പ്പനൊരു ഇന്നിങ്‌സ് കാഴ്‌ചവച്ചാല്‍ അവനെ പ്രശംസകൊണ്ട് നായകന്മാരാക്കും. മാധ്യമങ്ങളാണ് പലപ്പോഴും അതിന് മുന്നില്‍ ഉണ്ടാകാറുള്ളത്.
Also Read : ആറ് മാസത്തിന് ശേഷം ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി, രാജ്‌കോട്ടില്‍ നിലയുറപ്പിച്ച് രോഹിത് ശര്‍മ
അതോടെ, ആ താരത്തിന്‍റെ മേല്‍ സമ്മര്‍ദം കൂടും. അതോടെ അവര്‍ക്ക് തങ്ങളുടെ ശൈലിയില്‍ കളിക്കാന്‍ സാധിക്കാതെ വരികയും പരാജയപ്പെടുകയും ചെയ്യും. അതുണ്ടാകാതിരിക്കാന്‍ അവൻ ആസ്വദിച്ച് കളിക്കുകയാണ് വേണ്ടത്'- എന്നായിരുന്നു ഗൗതം ഗംഭീര്‍ പറഞ്ഞുവച്ചത്. അതേസമയം, വിശാഖപട്ടണത്ത് നടത്തിയ പ്രകടനം പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ജയ്‌സ്വാളിന് ആവര്‍ത്തിക്കാനായിരുന്നില്ല. നിലവില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ പത്ത് റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്‌ക്ക് നേടാനായത്. മാര്‍ക്ക് വുഡ് ആയിരുന്നു മത്സരത്തില്‍ ജയ്‌സ്വാളിനെ പുറത്താക്കിയത്.