ബെംഗളൂരു : ഇന്ത്യൻ സീനിയര്‍ ടീമില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവര്‍ ആണെങ്കിലും വിരാട് കോലിയും ഗൗതം ഗംഭീറും ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം ആരാധകര്‍ക്ക് കാണാൻ സാധിക്കുന്നത് വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ മാത്രമാണ്. ഗൗതം ഗംഭീര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഐപിഎല്ലില്‍ ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഉപദേഷ്‌ടാവായിട്ടാണ് ഗംഭീര്‍ പ്രവര്‍ത്തിക്കുന്നത്.
എങ്കില്‍പ്പോലും കോലിക്കെതിരെ ഗൗതം ഗംഭീറിന്‍റെ ടീം കളിക്കാൻ എത്തുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നതും വാശിയേറിയ പോരാട്ടമാണ്. ആ കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണുള്ളത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്‌ക്ക് ആര്‍സിബി കെകെആര്‍ പോരാട്ടം തുടങ്ങുമ്പോള്‍ എന്തെല്ലാം നാടകീയ സംഭവങ്ങള്‍ക്കാകും തങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടി വരിക എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന തര്‍ക്കങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ എത്തുന്ന ആദ്യത്തെ മത്സരം കൂടിയാണ് ഇന്നത്തേത്. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ മെന്‍റര്‍ ആയിരുന്നു ഗൗതം ഗംഭീര്‍. അന്ന്, ഗംഭീറിന്‍റെ ലഖ്‌നൗ ചിന്നസ്വാമിയില്‍ ആര്‍സിബി ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മറികടന്നു. പിന്നാലെ, മൈതാനത്തേക്ക് ഇറങ്ങിയ ഗംഭീര്‍ ബെംഗളൂരു ആരാധകരോട് ശബ്‌ദിക്കരുത് എത്ത തരത്തില്‍ ആംഗ്യം കാണിച്ചത് വലിയ ചര്‍ച്ചയായി.
Also Read : തുടങ്ങിയത് അവിടെ, 10 വര്‍ഷത്തിന് ഇപ്പുറവും അവസാനിക്കാതെ മൈതാനത്തെ കോലി- ഗംഭീര്‍ പോര്..
പിന്നാലെ, സീസണിലെ രണ്ടാം മത്സരത്തില്‍ ആര്‍സിബി ലഖ്‌നൗവിലേക്ക് എത്തി. അവിടെ, ആദ്യം ബാറ്റ് ചെയ്‌ത് 127 റണ്‍സ് വിജയലക്ഷ്യം എല്‍എസ്‌ജിക്ക് മുന്നില്‍ വയ്‌ക്കുകയും 18 റണ്‍സിന്‍റെ ജയം നേടുകയും ചെയ്‌തു. ഇതിന് പിന്നാലെ കോലിയും ഗംഭീറും കളിക്കളത്തില്‍ വീണ്ടും ഏറ്റുമുട്ടിയിരുന്നു.
ഇരു ടീമുകളിലെയും താരങ്ങള്‍ ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഈ സംഭവവത്തിന് ശേഷം പലപ്പോഴായി ആരാധകര്‍ ഗൗതം ഗംഭീറിനെതിരെ ഗ്യാലറിയില്‍ നിന്നും വിരാട് കോലി ചാന്‍റുകള്‍ മുഴക്കി. ഇതില്‍ പലപ്പോഴായി പ്രകോപിതനായിട്ടായിരുന്നു ഗംഭീറിനെ കാണാൻ കഴിഞ്ഞത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായകനായിരിക്കെയാണ് കോലിയും ഗംഭീറും തമ്മില്‍ മൈതാനത്ത് ആദ്യമായി പരസ്‌പരം തമ്മില്‍ കൊമ്പുകോര്‍ത്തത്. 2013ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിക്കറ്റ് നഷ്‌ടപ്പെട്ടതിന് പിന്നാലെയായിരുന്നു ഇരുവരും പാഞ്ഞടുത്തത്. അന്നും സഹതാരങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നം വഷളാകാതിരുന്നത്. ഇനി ഇന്ന് ഇരുവരും വീണ്ടും ചിന്നസ്വാമിയിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയണം.