പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്‌ക്കുള്ള ഇന്ത്യൻ ടീമിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാണ് വെറ്ററൻ ബാറ്റര്‍ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ പഴയ താളം കണ്ടെത്താൻ കഴിഞ്ഞ കുറച്ചുകാലമായി ബുദ്ധിമുട്ടുകയാണ് കോലി. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലൂടെ 36കാരൻ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍, ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യയുടെ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തില്‍ കോലിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പെര്‍ത്തില്‍ നടന്ന പരിശീലന മത്സരത്തില്‍ 15 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഇന്ത്യൻ പേസര്‍ മുകേഷ് കുമാറാണ് മത്സരത്തില്‍ കോലിയുടെ വിക്കറ്റ് നേടിയത്.
കവറിലൂടെ ഷോട്ടുകള്‍ പായിച്ച് മികച്ച രീതിയിലാണ് കോലി ബാറ്റിങ് തുടങ്ങിയത്. എന്നാല്‍, ക്രീസില്‍ അധികസമയം ചെലവഴിക്കാൻ കോലിക്കായില്ല. മുകേഷ് കുമാറിന്‍റെ പന്തില്‍ സെക്കൻഡ് സ്ലിപ്പില്‍ ക്യാച്ച് നല്‍കി കോലിക്ക് മടങ്ങേണ്ടി വരികയായിരുന്നു. പരിശീലന മത്സരത്തില്‍ അതിവേഗം പുറത്തായതിന് പിന്നാലെ നെറ്റ്‌സില്‍ 30 മിനിറ്റോളം നേരം തുടര്‍ച്ചയായി കോലി ബാറ്റ് ചെയ്‌തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഷോര്‍ട്ട് ബോളുകള്‍ കളിക്കുന്നതിനായിരുന്നു പരിശീലന മത്സരത്തില്‍ പോലും ഇന്ത്യൻ ബാറ്റര്‍മാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കോലിയുടെ പുറത്താകല്‍ ഇന്ത്യൻ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്. മുകേഷ് കുമാറിന് വിക്കറ്റ് നല്‍കിയ കോലി ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങിയ പേസര്‍മാരെ എങ്ങനെ നേരിടുമെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.
പരമ്പരയില്‍ വിരാട് കോലിയുടെ പ്രകടനം ഇന്ത്യൻ ടീമിന് ഏറെ നിര്‍ണായകമാണ്. പ്രത്യേകിച്ച് പെര്‍ത്തിലെ ആദ്യ കളിയില്‍ ക്യാപ്‌റ്റൻ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയയില്‍ അനുഭവപരിചയമുള്ള കോലി കൂടി മികവിലേക്ക് വന്നില്ലെങ്കില്‍ ഇന്ത്യയുടെ ജയസാധ്യതകള്‍ക്കും മങ്ങലേല്‍ക്കാം.
ഇൻട്രാ സ്ക്വാഡ് മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനും തിളങ്ങാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട്ട് പിച്ച് ഡെലിവറികളില്‍ പതറിയ പന്തിനെ നിതീഷ് കുമാര്‍ റെഡ്ഡി ക്ലീൻ ബൗള്‍ഡാക്കുകയായിരുന്നു.
Also Read : 'ഗംഭീര്‍ പേടിച്ചിരിക്കുകയാണ്': ഇന്ത്യൻ പരിശീലകനെ വിടാതെ പോണ്ടിങ്