മുംബൈ: അടുത്ത വര്‍ഷം ഐപിഎല്ലില്‍ വിരാട് കോലിയെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനെ കുറിച്ച് ആര്‍സിബി ചിന്തിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഹര്‍ഭജൻ സിങ്. ഇക്കൊല്ലം ബെംഗളൂരു പ്ലേ ഓഫിന് യോഗ്യത നേടിയില്ലെങ്കില്‍ കോലിയെ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് ആര്‍സിബി വീണ്ടും പരിഗണിക്കണമെന്നാണ് ഹര്‍ഭജൻ സിങ്ങിന്‍റെ അഭിപ്രായം. മികച്ച ഫോമില്‍ കളിക്കുന്ന ഒരു ഇന്ത്യൻ ക്യാപ്‌റ്റൻ ചുക്കാൻ പിടിച്ചാല്‍ ഏതൊരു ടീമിനും നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ, 2013-ല്‍ ആര്‍സിബിയുടെ നായകനായി ചുമതലയേറ്റെടുത്ത വിരാട് കോലി എട്ട് വര്‍ഷത്തിന് ശേഷം 2021-ല്‍ ആയിരുന്നു സ്ഥാനമൊഴിഞ്ഞത്. കോലിയ്‌ക്ക് കീഴില്‍ 2016ല്‍ ഫൈനലില്‍ കടക്കാൻ സാധിച്ചതാണ് ടീമിന്‍റെ ഏറ്റവും മികച്ച നേട്ടം. വിരാട് കോലി സ്ഥാനമൊഴിഞ്ഞതോടെ 2022-ലാണ് ഫാഫ് ഡുപ്ലെസിസിനെ ആര്‍സിബി നായകനായി നിയമിക്കുന്നത്.
ആ വര്‍ഷം ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി പ്ലേ ഓഫിന് യോഗ്യത നേടിയെങ്കിലും അടുത്ത സീസണില്‍ ടീമിന് ആദ്യ നാലില്‍ ഇടം കണ്ടെത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ രീതിയിലൂടെയാണ് ഇത്തവണയും ആര്‍സിബിയുടെ പോക്ക്. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഹര്‍ഭജന്‍റെ വാക്കുകള്‍ ഇങ്ങനെ...
'ഈ വര്‍ഷം ആര്‍സിബി പ്ലേഓഫിന് യോഗ്യത നേടിയില്ലെങ്കില്‍ അവര്‍ ഒരു ഇന്ത്യൻ താരത്തെ ക്യാപ്‌റ്റനാക്കാൻ ശ്രമിക്കണം. ഇങ്ങനെ വന്നാല്‍ അവര്‍ക്ക് വിരാട് കോലിയെ തന്നെ വീണ്ടും നായകസ്ഥാനത്തേക്ക് പരിഗണിച്ചൂടെ?
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വലിയ സ്വാധീനം ചെലുത്തുന്ന താരമാണ് എംഎസ് ധോണി. വിരാട് കോലിയും മികച്ച ഒരു ലീഡറാണ്. തങ്ങളുടെ ടീം ഏത് തരത്തിലുള്ള ക്രിക്കറ്റാണ് കളിക്കേണ്ടത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായി തന്നെ അറിയാം.
ഇപ്പോള്‍ വളരെ ആക്രമണോത്സുകതയോടെയും മികച്ച ഇന്‍റന്‍റോടെയുമാണ് ആര്‍സിബി കളിക്കുന്നത്. ആ ശൈലിയാണ് വിരാട് കോലി ടീമിലേക്ക് കൊണ്ടുവരുന്നത്. വിരാട് കോലി വീണ്ടും ടീമിനെ നയിക്കുന്നത് കാണാനാണ് ഞാനും ആഗ്രഹിക്കുന്നത്'- സ്റ്റാര്‍ സ്പോര്‍ട്‌സ് പരിപാടിയില്‍ ഹര്‍ഭജൻ അഭിപ്രായപ്പെട്ടു.
143 മത്സരങ്ങളാണ് വിരാട് കോലിയുടെ ക്യാപ്‌റ്റൻസിയില്‍ എട്ട് വര്‍ഷം ആര്‍സിബി കളിച്ചത്. ഇതില്‍ 66 കളികളില്‍ മാത്രമാണ് ബെംഗളൂരുവിന് ജയം നേടാൻ സാധിച്ചത്.
അതേസമയം, ഇക്കുറി പ്ലേഓഫ് ഉറപ്പിക്കാൻ പൊരുതുകയാണ് ആര്‍സിബി. സീസണില്‍ 13 മത്സരം പൂര്‍ത്തിയായപ്പോള്‍ 12 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു. സീസണിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അവരുടെ എതിരാളി.
ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈയെ 18ല്‍ അധികം റണ്‍സിനും രണ്ടാമത് ആണ് ബാറ്റിങ് എങ്കില്‍ സിഎസ്‌കെ ഉയര്‍ത്തുന്ന വിജയലക്ഷ്യം 18.2 ഓവറിനുള്ളിലും മറികടന്നാല്‍ മാത്രമെ ആര്‍സിബിക്ക് നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ അവരെ മറികടക്കാൻ സാധിക്കൂ. കൂടാതെ, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ തോല്‍വിയും ആര്‍സിബിയ്‌ക്ക് അനിവാര്യമാണ്.
Also Read : തോറ്റാല്‍ ഡല്‍ഹിയും പുറത്ത്, നിലനില്‍പ്പിനായി ലഖ്‌നൗ ; മത്സരഫലം കാത്ത് ആര്‍സിബിയും - DC Vs LSG Match Preview