മുംബൈ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli). ഇംഗ്ലീഷ് ടീമിനെതിരെ അസാമാന്യമായ വിജയമാണ് ഇന്ത്യയുടെ യുവനിര നേടിയിരിക്കുന്നതെന്നാണ് വിരാട് കോലി തന്‍റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത് (India vs England Test). രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം തങ്ങളുടെ ധീരതയും നിശ്ചയദാർഢ്യവും കാണിച്ച് തന്നതായും കിങ് കോലി തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കി.
ശക്തരായ ഇംഗ്ലണ്ടിനെതിരെ ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ യുവ താരങ്ങളുടെ മികവിലാണ് ഇന്ത്യയുടെ പരമ്പര നേട്ടം. വ്യക്തിപരമായ കാരണങ്ങളാല്‍ 35-കാരനായ വിരാട് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് ഇറങ്ങിയിരുന്നില്ല. ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം കോലി പൂര്‍ണമായും മാറി നില്‍ക്കുന്ന ആദ്യ പരമ്പരയാണിത്.
ടെസ്റ്റ് ടീമിലെ മറ്റൊരു പ്രധാനിയായ കെഎല്‍ രാഹുലിനും പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒഴികെ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹൈദരാബാദിലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ രാഹുല്‍ നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണുള്ളത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളില്‍ നാലെണ്ണം പൂര്‍ത്തിയായപ്പോള്‍ തന്നെ 3-1നാണ് രോഹിത്തും സംഘവും പരമ്പര ഉറപ്പിച്ചിരിക്കുന്നത്.
ഹൈദരാബാദില്‍ അരങ്ങേറിയ ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. ഇതോടെ ഇന്ത്യയ്‌ക്ക് എതിരെ 12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടുമൊരു പരമ്പര നേട്ടം ഇംഗ്ലണ്ട് സ്വപ്നം കാണുകയും ചെയ്‌തു. എന്നാല്‍ തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്. വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന് ജയിച്ച് പരമ്പരയില്‍ ഇംഗ്ലണ്ടിന് ഒപ്പമെത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. പിന്നീട് രാജ്‌കോട്ടില്‍ 434 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയിലേക്കാണ് സന്ദര്‍ശകരെ ഇന്ത്യ തള്ളി വിട്ടത്.
ALSO READ: ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ടിനെ കൊന്നുകൊലവിളിച്ച ആദ്യ ക്യാപ്റ്റന്‍; രോഹിത്തിന് അപൂര്‍വ നേട്ടം
റാഞ്ചിയിലെ നാലാം ടെസ്റ്റ് അഞ്ച് വിക്കറ്റിന് വിജയിച്ചാണ് ആതിഥേയര്‍ പരമ്പര ഉറപ്പിച്ചിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് വിശ്രമം നല്‍കിയാണ് റാഞ്ചിയില്‍ ഇന്ത്യ കളിച്ചതെന്നതും ശ്രദ്ധേയമായ കാര്യമാണ്. റാഞ്ചിയില്‍ ഒരു ഘട്ടത്തില്‍ മുന്‍തൂക്കം നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ആതിഥേയര്‍ കളിപിടിച്ചത്. രണ്ടാം ഇന്നിങ്‌സിന് ശേഷം സന്ദര്‍ശകര്‍ മുന്നോട്ടുവച്ച 192 റണ്‍സിന്‍റെ വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ഇന്ത്യ നേടിയെടുക്കുകയായിരുന്നു.
സ്‌കോര്‍: ഇംഗ്ലണ്ട് - 353, 145 ഇന്ത്യ- 307, 192/5. പുറത്താവാതെ നിന്ന് ശുഭ്‌മാന്‍ ഗില്‍ (124 പന്തില്‍ 52*), ധ്രുവ് ജുറെല്‍ (77 പന്തില്‍ 39*) എന്നിവരാണ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി.