ബെംഗളൂരു : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ അവിശ്വസനീയ തിരിച്ചുവരവാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നടത്തിയിരിക്കുന്നത്. സീസണിന്‍റെ ആദ്യ പകുതിയില്‍ കളിച്ച എട്ടില്‍ ഏഴിലും തോല്‍വി വഴങ്ങിയ ടീം അവസാന ആറ് മത്സരവും ജയിച്ചാണ് പ്ലേഓഫില്‍ യോഗ്യത നേടിയത്. ഒരുഘട്ടത്തില്‍ ഐപിഎല്ലില്‍ നിന്നും ആദ്യം പുറത്താകുന്നത് ആര്‍സിബിയാകും എന്ന് പോലും പലരും പ്രവചിച്ചു.
എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആവേശജയം സ്വന്തമാക്കിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേഓഫില്‍ കടന്നിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയം വേദിയായ സീസണിലെ അതിനിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ബെംഗളൂരു പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി പ്ലേഓഫില്‍ കടന്നത്. തുടര്‍ന്ന്, വികാരനിര്‍ഭരമായിരുന്നു ആര്‍സിബിയുടെ വിജയാഘോഷം
ഗ്രൗണ്ടില്‍ വിരാട് കോലിയും ഗാലറിയില്‍ അനുഷ്‌ക ശര്‍മയും ആര്‍സിബിയുടെ വിജയത്തില്‍ വികാരാധീനരായി. റോയല്‍ ചലഞ്ചേഴ്‌സ് ബെംളൂരു വനിത ടീം അംഗങ്ങളും പുരുഷ ടീമിന്‍റെ ആവേശജയം മതിമറന്ന് ആഘോഷിച്ചു. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ചെന്നൈയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ആര്‍സിബി അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ആണ് 218 റണ്‍സ് നേടിയത്. ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസും (54) വിരാട് കോലിയും (47) ഒന്നാം വിക്കറ്റില്‍ 78 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി. മൂന്നാമനായി എത്തിയ രജത് പടിദാര്‍ 23 പന്തില്‍ 41 റണ്‍സ് നേടി കാമറൂണ്‍ ഗ്രീനിനൊപ്പം (17 പന്തില്‍ 38*) നിര്‍ണായകമായ 71 റണ്‍സായിരുന്നു മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
അവസാന ഓവറുകളില്‍ ക്രീസിലേക്ക് എത്തിയ ദിനേശ് കാര്‍ത്തിക് (6 പന്തില്‍ 14), ഗ്ലെൻ മാക്‌സ്‌വെല്‍ (5 പന്തില്‍ 16) എന്നിവരും മികവ് കാട്ടിയതോടെ 218 റണ്‍സ് ആര്‍സിബിയുടെ സ്കോര്‍ ബോര്‍ഡിലേക്ക് എത്തുകയായിരുന്നു. വിജയലക്ഷ്യം 219 ആയിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 201 റണ്‍സില്‍ താഴെ എറിഞ്ഞ് പിടിച്ചാല്‍ മാത്രമായിരുന്നു ആര്‍സിബിയ്‌ക്ക് നെറ്റ് റണ്‍റേറ്റിലും അവരെ മറികടന്ന് പ്ലേഓഫിന് യോഗ്യത നേടാൻ കഴിയുമായിരുന്നത്. ഈ ലക്ഷ്യം മുന്നില്‍ വച്ച് പന്തെറിഞ്ഞ ആര്‍സിബി ബൗളര്‍മാര്‍ നിശ്ചിത ഓവറില്‍ ചെന്നൈയെ 191 റണ്‍സില്‍ എറിഞ്ഞൊതുക്കിയാണ് ജയം പിടിച്ചത്.