ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ (ബോർഡ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്). ബിസിസിഐ ഓരോ കളിക്കും താരങ്ങള്‍ക്ക് പ്രതിഫലമായി നൽകുന്നത് ലക്ഷങ്ങളാണ്. കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന കളിക്കാര്‍ വിലപിടിപ്പുളള താരങ്ങളായി മാറുകയും ചെയ്യും.
ഇന്ത്യന്‍ പരസ്യ മേഖലയില്‍ സിനിമ താരങ്ങളെ പോലെ തന്നെ പ്രധാന്യമുളളവരാണ് ക്രിക്കറ്റ് താരങ്ങളും. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങളുടെ എക്കാലത്തെയും പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് പരസ്യം. മികച്ച താരങ്ങളായി മാറുന്നതിലൂടെ പരസ്യങ്ങള്‍ വഴിയും മികച്ച വരുമാനം ഉണ്ടാക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കഴിയും. ഇപ്പോള്‍ ഫോർച്യൂൺ ഇന്ത്യ മാഗസിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഈ വര്‍ഷത്തെ നികുതി അടവിനെ കുറിച്ചുളള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്.
വിരാട് കോലി: ഫോർച്യൂൺ ഇന്ത്യ മാഗസിൻ്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ നികുതി അടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്. 2024 സാമ്പത്തിക വർഷത്തിൽ 66 കോടി രൂപയാണ് കോഹ്‌ലി നികുതിയായി അടച്ചത്. ഇതുകൂടാതെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന അഞ്ചാമത്തെ നികുതിദായകന്‍ കൂടിയാണ് വിരാട് കോഹ്‌ലി.
എംഎസ് ധോണി: ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിക്കാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ധോണി ഐപിഎല്ലിലെ ഒരു പ്രധാന ബ്രാൻഡായി തുടരുകയാണ്. പരസ്യങ്ങളാണ് ധോണിയുടെ പ്രധാന വരുമാന മാര്‍ഗം. 38 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ധോണി നികുതിയായി അടച്ചത്. രണ്ടാം സ്ഥാനത്താണെങ്കിലും കോഹ്‌ലിയുടെ പകുതിയോളം രൂപയെ ധോണി അടയ്‌ക്കുന്നുളളൂ എന്നതും ശ്രദ്ധേയമാണ്.
സച്ചിൻ ടെണ്ടുൽക്കർ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് മൂന്നാം സ്ഥാനത്ത്. വർഷങ്ങൾക്ക് മുമ്പ് വിരമിച്ച സച്ചിന്‍ ഇപ്പോഴും ഒരു പ്രധാന നികുതിദായകനായി തുടരുന്നു. 2024 സാമ്പത്തിക വർഷത്തിൽ സച്ചിൻ 28 കോടി രൂപ നികുതി അടച്ചു. റിട്ടയർമെൻ്റിന് ശേഷം അദ്ദേഹത്തിൻ്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ പരസ്യവും നിക്ഷേപങ്ങളുമാണ്.
സൗരവ് ഗാംഗുലി: സൗരവ് ഗാംഗുലിയാണ് നാലാം സ്ഥാനത്തുളള ക്രിക്കറ്റ് താരം. ഈ സാമ്പത്തിക വർഷം 23 കോടി രൂപയാണ് താരം നികുതിയായി അടച്ചത്. കമൻ്റേറ്ററായും സ്‌പോർട്‌സ് അഡ്‌മിനിസ്‌ട്രേറ്ററായും ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ സ്ഥിരം പങ്കാളിയാണ്.
ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്: ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യയാണ് ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 13 കോടി രൂപയാണ് താരം നികുതിയായി ഈ സാമ്പത്തിക വര്‍ഷം നൽകിയത്. ഹാർദികിന് തൊട്ട് പിന്നാലെയുളളത് ഋഷഭ് പന്താണ്. ഇദ്ദേഹം ഈ സാമ്പത്തിക വര്‍ഷം നികുതിയായി അടച്ചത് 10 കോടി രൂപയാണ്.
Also Read: ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തില്‍ രണ്ട് ഇന്ത്യൻ താരങ്ങൾ! ബാബർ അസം പിന്നിലേക്ക്