മാഡ്രിഡ്: എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ വംശീയാധിക്ഷേപം നേരിട്ട ബാഴ്‌സലോണയുടെ യുവതാരം ലമീൻ യമാലിന് പിന്തുണയുമായി റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയര്‍. റയല്‍ മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ ഖേദിക്കുന്നു. വംശീയ അധിക്ഷേപങ്ങള്‍ ചൊരിയുന്ന കുറ്റവാളികള്‍ നമ്മുടെ സമൂഹത്തില്‍ സ്ഥാനം അര്‍ഹിക്കുന്നവരല്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ വിനീഷ്യസ് കുറിച്ചു.
'ബെര്‍ണബ്യൂവില്‍ വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങള്‍ ഖേദകരമാണ്. ഈ കുറ്റവാളികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. ലമീനിനും അൻസുവിനും റാഫീഞ്ഞയ്‌ക്കും എന്‍റെ എല്ലാ പിന്തുണയുമുണ്ടാകും. ഇതിന് കാരണക്കാരായവരെ കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കാൻ മാഡ്രിഡും പൊലീസും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പാണ്'- എന്നായിരുന്നു വിനീഷ്യസിന്‍റെ പോസ്റ്റ്.
ലാ ലിഗ മത്സരങ്ങള്‍ക്കിടെ തുടര്‍ച്ചയായി വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുള്ള താരം കൂടിയാണ് വിനീഷ്യസ്. കാണികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങളില്‍ പലപ്പോഴും വൈകാരികമായി തന്നെ 24കാരനായ താരം പ്രതികരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ സ്‌പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷൻ കടുത്ത നടപടികള്‍ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം ഉള്‍പ്പടെ പരസ്യമായി താരം ഉന്നയിച്ചിട്ടുണ്ട്.
Lamentable lo que ha pasado ayer en Bernabéu con insultos racistas. No hay espacio para estos criminosos en nuestra sociedad. Todo mi apoyo a Lamine, Ansu y Raphinha. Lo sé que Madrid y la policia van hacer las cosas para identificar y punir los culpables!! https://t.co/pG2FXsMjDn
— Vini Jr. (@vinijr) October 27, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, കഴിഞ്ഞ ദിവസമാണ് ഫുട്‌ബോളിലെ മഹാപോരാട്ടങ്ങളിലൊന്നായ റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ മത്സരം നടന്നത്. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ റയല്‍ മാഡ്രിഡിനെതിരെ എതിരില്ലാത്ത നാല് ഗോളിന്‍റെ ജയമായിരുന്നു ബാഴ്‌സലോണ നേടിയത്. റോബര്‍ട്ട് ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളുകളും യമാലും റാഫീഞ്ഞയും നേടിയ ഗോളുകളുമായിരുന്നു മത്സരത്തില്‍ ബാഴ്‌സയ്‌ക്ക് ജയം സമ്മാനിച്ചത്.
തന്‍റെ ഗോളാഘോഷത്തിനിടെയായിരുന്നു ഗാലറിയിലുണ്ടായിരുന്നവരില്‍ ചിലര്‍ യമാലിന് നേരെ വംശീയാധിക്ഷേപം ചൊരിഞ്ഞത്. മത്സരത്തിന്‍റെ 77-ാം മിനിറ്റിലായിരുന്നു യമാലിന്‍റെ ഗോള്‍. ഗോള്‍ നേടിയ ശേഷം ആഘോഷത്തിനായി റയല്‍ ആരാധകര്‍ക്ക് മുന്നിലേക്കായിരുന്നു താരം ഓടിയെത്തിയത്. അവിടെ വച്ച് ഗോള്‍നേട്ടം ആഘോഷിക്കുന്നതിനിടെ പ്രകോപിതരായ ചില കാണികള്‍ യമാലിനെതിരെ വംശീയാധിക്ഷേപം നടത്തുകയായിരുന്നു.
സംഭവത്തെ റയല്‍ മാഡ്രിഡും സ്പാനിഷ് ലാ ലിഗയും അപലപിച്ചു. കുറ്റക്കാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണം ആരംഭിച്ചതായും റയല്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also Read : ഹാൻസി ഫ്ലിക്ക് 'മാജിക്ക്'; നഷ്‌ടപ്രതാപം വീണ്ടെടുക്കുന്ന ബാഴ്‌സലോണ