ബെംഗളൂരു : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തോല്‍വി വഴങ്ങിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 182 റണ്‍സ് സ്കോര്‍ ചെയ്‌തെങ്കിലും ഏഴ് വിക്കറ്റും 19 പന്തും ശേഷിക്കെ കൊല്‍ക്കത്ത വിജയലക്ഷ്യം അനായാസമാണ് മറികടന്നത്. ഇതിന് പിന്നാലെ ബെംഗളൂരുവിന്‍റെ തോല്‍വിയുടെ കാരണക്കാരൻ വിരാട് കോലിയാണെന്ന വാദവുമായി ഒരു പക്ഷം ആരാധകര്‍ രംഗത്തെത്തി.
മത്സരത്തില്‍ 59 പന്തില്‍ 83 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. നാല് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു വിരാട് കോലിയുടെ ഇന്നിങ്‌സ്. എന്നാല്‍, മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നും വെങ്കിടേഷ് അയ്യറും ഫില്‍ സാള്‍ട്ടുമെല്ലാം അതിവേഗം റണ്‍സ് കണ്ടെത്തിയതോടെ ആരാധകരില്‍ ചിലര്‍ കോലിക്ക് എതിരായി. കോലിയുടെ മെല്ലപ്പോക്ക് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്കോറിലേക്ക് എത്തുന്നതില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തടഞ്ഞെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, സാഹചര്യത്തിന് അനുയോജ്യമായ രീതിയിലാണ് വിരാട് കോലി ബാറ്റ് ചെയ്‌തതെന്ന് വ്യക്തമാക്കുകയാണ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ടോപ് സ്കോററായ വെങ്കടേഷ് അയ്യര്‍. കൊല്‍ക്കത്തയുടെ ഇന്നിങ്‌സില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ വെങ്കടേഷ് 30 പന്തില്‍ 50 റണ്‍സ് നേടിയായിരുന്നു പുറത്തായത്. മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് ദുഷ്‌കരമായിരുന്നെന്നും എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പിച്ചിന്‍റെ സ്വഭാവം മാറിയെന്നുമാണ് വെങ്കടേഷ് വ്യക്തമാക്കിയത്.
'ചിന്നസ്വാമിയിലെ ആദ്യ ഇന്നിങ്‌സില്‍ പന്ത് പിച്ച് ചെയ്‌ത ശേഷം സാവധാനത്തിലായിരുന്നു ബാറ്ററിലേക്ക് എത്തിയിരുന്നത് (ടു പേസ്‌ഡ്). ഇത്തരം സാഹചര്യങ്ങളില്‍ ബൗണ്ടറി കണ്ടെത്തുക എന്ന കാര്യം ബാറ്റര്‍മാര്‍ക്ക് പ്രയാസമായിരിക്കും. എന്നാല്‍, രണ്ടാം ഇന്നിങ്‌സ് ആയപ്പോള്‍ വിക്കറ്റ് ബാറ്റര്‍മാര്‍ കൂടുതല്‍ അനുകൂലമായി മാറുകയായിരുന്നു'- വെങ്കടേഷ് അയ്യര്‍ പറഞ്ഞു. ഇതേ അഭിപ്രായം മത്സരശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസിസും മത്സരശേഷം വ്യക്തമാക്കിയിരുന്നു.
'മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സില്‍ ഞങ്ങള്‍ കരുതിയത് ഇത് ടു പേസ്‌ഡ് പിച്ചാണ് എന്നായിരുന്നു. ബാക്ക് ഓഫ് ലെങ്ത് ഡെലിവറികളും കട്ടറുകളും കളിക്കാൻ ബാറ്റര്‍മാര്‍ നല്ലതുപോലെ പ്രയാസപ്പെട്ടു. അതുകൊണ്ട് തന്നെ 182 ഇവിടെ മാന്യമായ സ്കോര്‍ ആയിരിക്കുമെന്നാണ് കരുതിയിരുന്നത്'- ഫാഫ് ഡുപ്ലെസിസ് പറഞ്ഞു.