ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും നാളെ (മെയ് 18) ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തീക്കളിയാണ്. ഐപിഎല്‍ പ്ലേഓഫിലെ നാലാം സ്ഥാനം സ്വന്തമാക്കാനുറച്ചാകും നാളെ ഇരു ടീമും കളിക്കാൻ ഇറങ്ങുക. നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ചെന്നൈയ്‌ക്ക് പ്ലേഓഫിന് യോഗ്യത ഉറപ്പിക്കാൻ ഒരു ജയം മാത്രം മതി.
എന്നാല്‍, ആര്‍സിബിയുടെ കാര്യം അങ്ങനെയല്ല. അവര്‍ക്ക് നെറ്റ്‌റണ്‍റേറ്റില്‍ ചെന്നൈയെ മറികടന്നുവേണം ജയം പിടിക്കാൻ. അങ്ങനെ വന്നാല്‍ മാത്രമെ കഴിഞ്ഞ കൊല്ലം കയ്യെത്തും ദൂരത്ത് നഷ്‌ടമായ പ്ലേഓഫ് ബെര്‍ത്ത് ഇത്തവണ പിടിച്ചെടുക്കാൻ ബെംഗളൂരുവിന് സാധിക്കൂ.
നിലിവില്‍ മികച്ച ഫോമിലാണ് ബെംഗളൂരു. അവസാന അഞ്ച് മത്സരങ്ങളിലും ജയിച്ചാണ് അവര്‍ ചെന്നൈയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിന് നാളെ ഇറങ്ങുന്നത്. സ്വന്തം തട്ടകത്തിലാണ് മത്സരം എന്നതും ആര്‍സിബിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.
എന്നാല്‍, കാര്യങ്ങള്‍ റോയല്‍ ചലഞ്ചേഴ്‌സിന് അനുകൂലമാണെങ്കിലും ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുക 'ധോണി ഷോ'യ്‌ക്കാകും എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ പേസര്‍ വരുണ്‍ ആരോണ്‍. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ആണ് ധോണിയെന്നാണ് വരുണ്‍ ആരോണിന്‍റെ അഭിപ്രായം.
'ചിന്നസ്വാമിയിലെ ആര്‍സിബി സിഎസ്‌കെ മത്സരം തീര്‍ത്തും ഒരു എംഎസ് ഷോ ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിനായുള്ള അടിത്തറയാണ് ഇവിടെ ഉയര്‍ന്നുകൊണ്ടിരിക്കുന്നതും. എല്ലാം ആ വഴിയ്‌ക്ക് തന്നെ പോകുമെന്നാണ് ഞാൻ കരുതുന്നത്.
ചിന്നസ്വാമിയില്‍ ബാറ്റ് ചെയ്യാൻ ഇഷ്‌ടപ്പെടുന്ന ഒരാളാണ് ധോണി. ഐതിഹാസികമായ നിരവധി ഇന്നിങ്‌സുകള്‍ ധോണി ഇവിടെ കളിച്ചിട്ടുണ്ട്. മുന്‍പ് ഒരിക്കല്‍ ഉമേഷ് യാദവിന്‍റെ ഒരു ഓവറിലെ ധോണിയുടെ ബാറ്റിങ് ഞാൻ ഇപ്പോഴും ഓര്‍ക്കുന്നു. ആ ഒരോവറില്‍ ഒറ്റയ്‌ക്ക് 20-21 റണ്‍സ് നേടിയത് ഞാൻ ഒരിക്കലും മറക്കില്ല. ചിന്നസ്വാമിയില്‍ ധോണി കൂടുതല്‍ അപകടകാരിയാണ്'- വരുണ്‍ ആരോണ്‍ പറഞ്ഞു.
Also Read: ആര്‍സിബിയെ 'എറിഞ്ഞിടാൻ' ധോണി; നെറ്റ്‌സില്‍ പന്തെറിഞ്ഞ് സിഎസ്‌കെ മുൻ നായകൻ - MS Dhoni Bowls In Nets