സിഡ്‌നി : പങ്കാളി ബെക്കി ബോസ്റ്റണ് (Becky Boston) പ്രണയ ദിനാശംസ (Valentine's Day) നേര്‍ന്നുള്ള ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ (Pat Cummins) ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാണ്. ബെക്കിയുടേയും ബെക്കിക്കൊപ്പവുമുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ഏറെ പ്രണയം നിറഞ്ഞ വാക്കുകളോടെയായിരുന്നു കമ്മിന്‍സ് ബെക്കിക്ക് ആശംസ അറിയിച്ചത്. കമ്മിന്‍സിന്‍റെ പോസ്റ്റ് വളരെ പെട്ടെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായത്.
കമ്മിന്‍സ്-ബെക്കി ദമ്പതികള്‍ക്ക് സ്‌നേഹം അറിയിച്ച് നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്‍റിട്ടത്. എന്നാല്‍ 'നിങ്ങളേയും ഭാര്യയേയും ഇഷ്‌ടപ്പെട്ടു' എന്നും ഇക്കൂട്ടത്തില്‍ ഒരാള്‍ കമന്‍റിട്ടിരുന്നു. ഇയാള്‍ക്ക് 30-കാരനായ കമ്മിന്‍സ് നല്‍കിയ ഏറെ സരസവും രസകരവുമായ മറുപടി ശ്രദ്ധേയമാവുകയാണ്. 'ഇക്കാര്യം ഞാന്‍ അവളെ അറിയിക്കാം' എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.
ദീര്‍ഘകാല കാമുകിയായിരുന്ന ബെക്കി ബോസ്റ്റണെ 2022 ഓഗസ്റ്റിലായിരുന്നു പാറ്റ് കമ്മിന്‍സ് വിവാഹം ചെയ്‌തത്. സോഷ്യല്‍ മീഡിയയില്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം തന്നെയായിരുന്നു ഇക്കാര്യം ആരാധകരെ അറിയിച്ചത്.
2013-ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് 2020-ലായിരുന്നു വിവാഹ നിശ്ചയം. 2021- ഒക്‌ടോബറില്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ ദമ്പതികള്‍ വരവേറ്റിരുന്നു. ആൽബി ബോസ്റ്റൺ കമ്മിൻസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ വിശ്രമം അനുവദിച്ച കമ്മിന്‍സ് നിലവില്‍ അവധി ആഘോഷത്തിലാണുള്ളത്. ഫെബ്രുവരി അവസാന വാരത്തില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലൂടെ താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും. ഓസ്‌ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനാണ് കമ്മിന്‍സ്.
എന്നാല്‍ മിച്ചല്‍ മാര്‍ഷിന് കീഴിലാണ് ഓസ്‌ട്രേലിയ ടി20 കളിക്കുന്നത്. പരമ്പരയ്‌ക്ക് പിന്നാലെ ഇന്ത്യയില്‍ ഐപിഎല്ലിനായും കമ്മിന്‍സ് എത്തും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായാണ് പുതിയ സീസണില്‍ താരം കളിക്കുക. കഴിഞ്ഞ ഡിസംബറില്‍ നടന്ന ലേലത്തില്‍ 20.50 കോടി രൂപ നല്‍കിയാണ് കമ്മിന്‍സിനെ ഹൈദരാബാദ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചത്.
ഇതോടെ ഐപിഎല്ലില്‍ ചരിത്രത്തിലെ രണ്ടാമത്തെ വിലയേറിയ താരമായും ഓസീസ് താരം മാറി. അതേസമയം ഹൈദരാബാദിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കമ്മിന്‍സിനെ ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ പിന്തുണച്ചിരുന്നു. ഇതുസംബന്ധിച്ച് 74-കാരനായ ഗവാസ്‌കറുടെ വാക്കുകള്‍ ഇങ്ങനെ...
"കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ പാറ്റ് കമ്മിന്‍സിനെ വാങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ നീക്കം ഏറെ മികച്ചതായിരുന്നു. നല്‍കേണ്ടി വന്ന വില ഒരല്‍പം കൂടുതലായിരിക്കാം.
എന്നാല്‍ ആ നീക്കം ടീമിന് ഗുണമാവും. കഴിഞ്ഞ സീസണില്‍ കുറവാണെന്ന് തോന്നിയ നേതൃത്വമികവാണ് ഇതുവഴി അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ചില നിര്‍ണായക ഘട്ടങ്ങളില്‍ ബോളിങ് ചെയ്‌ഞ്ചിലുണ്ടായ മാറ്റങ്ങള്‍ക്ക് മത്സരം തന്നെ വിലയായി അവര്‍ക്ക് നല്‍കേണ്ടി വന്നത് നമ്മള്‍ കഴിഞ്ഞ സീസണില്‍ കണ്ടിട്ടുണ്ട്. വരും സീസണില്‍ പാറ്റ് കമ്മിൻസ് ഹൈദരാബാദിന്‍റെ ക്യാപ്റ്റനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് വലിയ മാറ്റങ്ങള്‍ക്കും കാരണമാവും"- ഗവാസ്‌കര്‍ പറഞ്ഞു.