ബെംഗളൂരു : വനിത പ്രീമിയര്‍ ലീഗില്‍ (WPL 2024) വിജയവഴിയില്‍ തിരിച്ചെത്താൻ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) ഇറങ്ങുന്നു. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിടുന്ന യുപി വാരിയേഴ്‌സാണ് (UP Warriorz) എതിരാളികള്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം (RCB vs UPW Preview).
പോയിന്‍റ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ് യുപി വാരിയേഴ്‌സും ആര്‍സിബിയും. നാല് മത്സരങ്ങളില്‍ രണ്ട് ജയങ്ങളാണ് ഇരു ടീമുകള്‍ക്കും ഇതുവരെ നേടാൻ സാധിച്ചത്. സീസണില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്ന രണ്ടാമത്തെ മത്സരം കൂടിയാണ് ഇന്നത്തേത്.
രണ്ട് ടീമുകളും മുഖാമുഖം വന്ന ആദ്യ മത്സരം ആര്‍സിബി രണ്ട് റണ്‍സിനാണ് ജയിച്ചത്. മത്സരത്തില്‍ ബാംഗ്ലൂരിന്‍റെ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപി വാരിയേഴ്‌സിന് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. അഞ്ച് വിക്കറ്റുമായി തിളങ്ങിയ മലയാളി താരം ശോഭന ആശയുടെ പ്രകടനമായിരുന്നു മത്സരത്തില്‍ നിര്‍ണായകമായത്. ഈ തോല്‍വിയ്‌ക്ക് പകരം വീട്ടാനാകും യുപി വാരിയേഴ്‌സ് ഇന്നിറങ്ങുക.
ആദ്യ രണ്ട് മത്സരവും ജയിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണിലെ യാത്ര തുടങ്ങിയത്. എന്നാല്‍, ഈ പ്രകടനങ്ങള്‍ പിന്നീട് ആവര്‍ത്തിക്കാൻ അവര്‍ക്കായില്ല. ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യൻസ് ടീമുകളോട് ആര്‍സിബി തോല്‍വി വഴങ്ങുകയായിരുന്നു.
പ്രധാന താരങ്ങളുടെ സ്ഥിരതയില്ലായ്‌മയാണ് ആര്‍സിബിയ്‌ക്ക് തലവേദന. സോഫി ഡിവൈൻ, റിച്ച ഘോഷ് എന്നിവര്‍ മികവിലേക്ക് ഉയരേണ്ടതുണ്ട്. ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന, എല്ലിസ് പെറി എന്നിവരിലാണ് നിലവില്‍ അവരുടെ റണ്‍സ് പ്രതീക്ഷ. രേണുക സിങ് നേതൃത്വം നല്‍കുന്ന ബൗളിങ് നിരയും താളം വീണ്ടെടുത്തില്ലെങ്കില്‍ ഇന്നും തല്ല് വാങ്ങി കൂട്ടേണ്ടി വരും.
തോല്‍വികളോടെ തുടങ്ങിയ യുപി വാരിയേഴ്‌സ് നിലവില്‍ തകര്‍പ്പൻ ഫോമിലാണ്. ആദ്യ രണ്ട് കളിയും പരാജയപ്പെട്ടെങ്കിലും പിന്നീട് കളിച്ച രണ്ട് മത്സരവും ജയിച്ച് ടൂര്‍ണമെന്‍റിലേക്ക് തിരിച്ചുവരവ് നടത്താൻ അവര്‍ക്കായി. കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ജയന്‍റ്‌സിനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാകും അവര്‍ ഇന്ന് ആര്‍സിബിയെ നേരിടാൻ ഇറങ്ങുന്നത്.
ഗ്രേസ് ഹാരിസ്, അലീസ ഹീലി എന്നിവര്‍ ഇന്നും ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്നാല്‍ യുപിക്ക് കാര്യങ്ങള്‍ എളുപ്പമാകും. ബൗളിങ്ങില്‍, സോഫി എക്ലസ്റ്റോണ്‍, ദീപ്‌തി ശര്‍മ എന്നിവരിലാണ് യുപിയുടെ പ്രതീക്ഷ.
Also Read : ഗുജറാത്ത് ജയന്‍റ്‌സിന് 'കഷ്‌ടകാലം', വനിത പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ഡല്‍ഹി കാപിറ്റല്‍സ്
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്ക്വാഡ് : സ്‌മൃതി മന്ദാന (ക്യാപ്‌റ്റൻ), എല്ലിസ് പെറി, സോഫി ഡിവൈൻ, ജോർജിയ വെയർഹാം, റിച്ച ഘോഷ്, ആശ ശോഭന, ദിഷ കസത്, കേറ്റ് ക്രോസ്, ഇന്ദ്രാണി റോയ്, കനിക അഹൂജ, ശ്രേയങ്ക പാട്ടീൽ, രേണുക സിങ്, ശുഭ സതീഷ്, എസ് മേഘന, സിമ്രാൻ ബഹദൂർ, സോഫി മോളിനക്‌സ്.
യുപി വാരിയേഴ്‌സ് സ്ക്വാഡ് : അലീസ ഹീലി (ക്യാപ്‌റ്റൻ), ഡാനി വ്യാറ്റ്, ഗ്രേസ് ഹാരിസ്, ദീപ്‌തി ശര്‍മ, സോഫി എക്ലസ്റ്റോണ്‍, കിരൺ നവ്ഗിരെ, താഹിയ മക്ഗ്രാത്ത്, രാജേശ്വരി ഗെയ്‌ക്‌വാദ്, അഞ്ജലി സര്‍വാണി, ചാമാരി അത്തപത്തു, ലക്ഷ്‌മി യാദവ്, പാര്‍ഷവി ചോപ്ര, സോപ്പദാണ്ടി യശശ്രീ, ശ്വേത സെഹ്‌രാവത്ത്, വൃന്ദ ദിനേശ്, പൂനം ഖേംനാര്‍, സൈമ താക്കൂര്‍, ഗൗഹെര്‍ സുല്‍ത്താന.