ബെര്‍ഗാമോ: യുവേഫ യൂറോപ്പ ലീഗ് സെമി ഫൈനല്‍ ലൈനപ്പായി. ഇറ്റാലിയൻ ക്ലബുകളായ അറ്റ്‌ലാന്‍റ, എഎസ് റോമ, ജര്‍മൻ ടീം ബയേര്‍ ലെവര്‍കൂസണ്‍, ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ഡി മാര്‍സിലെ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ അവസാന നാലില്‍ കടന്നത്. ലിവര്‍പൂള്‍, എസി മിലാൻ, വെസ്റ്റ്‌ഹാം യുണൈറ്റഡ്, ബെൻഫിക്ക ടീമുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറിയത്.
സെമി ഫൈനലില്‍ ബയേര്‍ ലെവര്‍കൂസൻ എഎസ് റോമയെ നേരിടും. മാര്‍സിലെയാണ് അറ്റ്‌ലാന്‍റയുടെ എതിരാളി. മെയ് മൂന്നിനാണ് രണ്ട് സെമി ഫൈനല്‍ പോരാട്ടങ്ങളും.
ജയിച്ചിട്ടും ലിവര്‍പൂള്‍ പുറത്തേക്ക്: യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദത്തില്‍ അറ്റ്‌ലാന്‍റയ്‌ക്കെതിരെ ജയിച്ചെങ്കിലും ഇംഗ്ലീഷ് വമ്പൻമാരായ ലിവര്‍പൂളിന് ടൂര്‍ണമെന്‍റില്‍ സെമിയിലേക്ക് മുന്നേറാനായില്ല. ആദ്യ പാദത്തില്‍ ഹോം ഗ്രൗണ്ടില്‍ വഴങ്ങേണ്ടി വന്ന വമ്പൻ തോല്‍വിയാണ് ലിവര്‍പൂളിന് രണ്ടാം പാദത്തില്‍ തിരിച്ചടിയായത്. ആൻഫീല്‍ഡില്‍ ഇരു ടീമും ആദ്യം ഏറ്റുമുട്ടിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ലിവര്‍പൂള്‍ തോറ്റത്.
എന്നാല്‍, രണ്ടാം പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയം മാത്രമായിരുന്നു അവര്‍ക്ക് നേടാൻ സാധിച്ചത്. മത്സരത്തിന്‍റെ ഏഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലായായിരുന്നു ലിവര്‍പൂളിനായി ഗോള്‍ നേടിയത്. പിന്നീട്, ഗോളുകള്‍ ഒന്നും ലിവര്‍പൂളിന് നേടാൻ സാധിക്കാതെ വന്നതോടെ 3-1 എന്ന് അഗ്രിഗേറ്റഡ് സ്കോറിന് അറ്റ്‌ലാന്‍റ എഫ്‌സി യൂറോപ്പ ലീഗിന്‍റെ സെമിയിലേക്ക് കുതിക്കുകയായിരുന്നു.
കുതിപ്പ് തുടര്‍ന്ന് ബയേര്‍ ലെവര്‍കൂസൺ: ബുണ്ടസ് ലിഗ ചാമ്പ്യന്മാരായതിന് പിന്നാലെ മറ്റൊരു കിരീടത്തിന് അരികിലേക്ക് കൂടി നടന്ന് അടുക്കുകയാണ് ബയേര്‍ ലെവര്‍കൂസൺ. യൂറോപ്പ ലീഗിന്‍റെ ക്വാര്‍ട്ടറില്‍ ഇംഗ്ലിഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിനെ മറികടന്നാണ് സാബി അലോൻസോയുടെ ശിഷ്യന്മാര്‍ സെമി ഫൈനല്‍ യോഗ്യത ഉറപ്പിച്ചത്. രണ്ട് പാദങ്ങളിലായി നടന്ന മത്സരങ്ങളില്‍ 3-1 എന്ന അഗ്രിഗേറ്റഡ് സ്കോര്‍ സ്വന്തമാക്കിയാണ് ജര്‍മൻ ക്ലബിന്‍റെ മുന്നേറ്റം.
ഇരു ടീമും തമ്മിലേറ്റുമുട്ടിയ രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഓരോ ഗോള്‍ നേടിയാണ് ഇരു കൂട്ടരും കളിക്കളത്തില്‍ നിന്നും തിരികെ കയറിയത്. മത്സരത്തിന്‍റെ 13-ാം മിനിറ്റില്‍ മൈക്കിള്‍ അന്‍റോണിയോയിലൂടെ ലീഡ് പിടിച്ചത് വെസ്റ്റ്ഹാമായിരുന്നു. 89-ാം മിനിറ്റിലായിരുന്നു ജെര്‍മി ഫ്രിംപോങ് ലെവര്‍കൂസന് സമനില ഗോള്‍ സമ്മാനിച്ചത്.
നാട്ടങ്കത്തില്‍ റോമ, ഷൂട്ടൗട്ടില്‍ മാര്‍സിലെ: എസി മിലാനെതിരായ രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 2-1ന്‍റെ ജയമാണ് എസ് റോമ സ്വന്തമാക്കിയത്. ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ച ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചതും റോമയാണ്. ഇതോടെ, രണ്ട് പാദങ്ങളിലായി നടന്ന ക്വാര്‍ട്ടറില്‍ 3-1 എന്ന അഗ്രിഗേറ്റഡ് സ്കോറിന്‍റെ ജയമാണ് എഎസ് റോമ സ്വന്തമാക്കിയത്.
പോര്‍ച്ചുഗല്‍ ക്ലബ് ബെൻഫിക്കയ്‌ക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയം നേടിയാണ് ഒളിമ്പിക് ഡി മാര്‍സില്ലെ യൂറോപ്പ ലീഗ് സെമിയില്‍ കടന്നത്. ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബെൻഫിക്ക 2-1ന്‍റെ ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം പാദത്തില്‍ ബെൻഫിക്ക നിശ്ചിത സമയത്തിനുള്ളില്‍ ഒരു ഗോള്‍ നേടിയതോടെ അഗ്രിഗേറ്റഡ് സ്കോര്‍ 2-2 എന്ന നിലയിലായി. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ മാര്‍സില്ലെ നാല് അവസരം ഗോളാക്കി മാറ്റിയപ്പോള്‍ രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു ബെൻഫിക്കയ്‌ക്ക് വലയിലെത്തിക്കാനായത്.