വെല്ലിങ്‌ടണ്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റിനായി (New Zealand vs Australia) വിരമിച്ച പേസര്‍ നീല്‍ വാഗ്നറെ ( Neil Wagner) തിരികെ വിളിച്ചേക്കുമെന്ന സൂചന നല്‍കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി (Tim Southee). യുവപേസര്‍ വിൽ ഒറൂർക്കിന് പരിക്കേറ്റ സാഹചര്യത്തിലാണ് ക്രൈസ്റ്റ് ചര്‍ച്ചില്‍ എട്ടിന് ആരംഭിക്കുന്ന മത്സരത്തിനായി നീല്‍ വാഗ്നറെ തിരികെ വിളിക്കാന്‍ കിവീസ് പദ്ധതിയിടുന്നത്. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സിനിടെയാണ് 22-കാരനായ വിൽ ഒറൂർക്കിന് പരിക്ക് പറ്റുന്നത്.
"വിൽ ഒറൂർക്കിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. അവന്‍റെ പുരോഗതി വിലയിരുത്തുകയാണ്. ഇത്ര സമയത്തിനുള്ളില്‍ അവന് തിരികെ എത്താനാവുമെന്ന് ഫിസിയോ ഒരു ടൈംഫ്രെയിം നൽകിയിട്ടില്ല. അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി നിരീക്ഷിക്കാനാണ് തീരുമാനം" - ടിം സൗത്തി പറഞ്ഞു.
ALSO READ: ന്യൂസിലന്‍ഡ് വീണു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്ക്
നീല്‍ വാഗ്നറെ തിരികെ വിളിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം തള്ളിക്കളയാന്‍ സൗത്തി തയ്യാറായില്ല. " ക്രൈസ്റ്റ് ചർച്ചില്‍ കളിക്കുന്നത് ആരാണെന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. വെല്ലിങ്‌ടണില്‍ പകരക്കാരനായി ഗ്രൗണ്ടിലെത്തിയ വാഗ്നരെ ആരാധകര്‍ മികച്ച രീതിയിലാണ് സ്വീകരിച്ചത്. അദ്ദേഹം വളരെക്കാലമായി ആരാധകരുടെ പ്രിയങ്കരനായിരുന്നു" എന്നും കിവീസ് ക്യാപ്റ്റന്‍ പറയുകയും ചെയ്‌തു.
ALSO READ: ചുമലിലേറ്റി വട്ടം കറക്കി സംഗീത ഫോഗട്ട്; കിളി പറന്ന് ചാഹല്‍- വീഡിയോ
ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റില്‍ അന്തിമ ഇലവനിലുണ്ടാവില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയച്ചതിന് പിന്നാലെയായിരുന്നു 37-കാരനായ നീല്‍ വാഗ്നര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പ്ലേയിങ് ഇലവനില്‍ ഇല്ലെങ്കിലും നീല്‍ വാഗ്നര്‍ ടീമിന്‍റെ ഭാഗമാണെന്നും യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് താരത്തെ മാറ്റി നിര്‍ത്തുന്നതെന്നുമായിരുന്നു ബോര്‍ഡിന്‍റെ ഇതു സംബന്ധിച്ച പ്രഖ്യാപനം. എന്നാല്‍ വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി കിവീസ് ബാറ്റര്‍മാര്‍ക്ക് നെറ്റ് സെഷനില്‍ പന്തെറിയാന്‍ വാഗ്നര്‍ എത്തിയിരുന്നു.
മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കുമ്പോള്‍ കിവീസ് താരങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന താരം പിന്നീട് പകരക്കാരന്‍ ഫീല്‍ഡറായാണ് കളത്തിലേക്ക് എത്തിയത്. കിവീസ് ടീമിനായി 64 ടെസ്റ്റുകള്‍ കളിച്ച വാഗ്നര്‍ 260 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ടീമിന്‍റെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമനാണ് താരം.
ALSO READ: വെല്ലിങ്‌ടണ്‍ ടെസ്റ്റില്‍ കിവീസിനെ വീഴ്‌ത്തി ഓസ്‌ട്രേലിയ, നേട്ടം ഇന്ത്യയ്‌ക്കും
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച താരം 2008-ലാണ് ന്യൂസിലന്‍ഡിലേക്ക് എത്തുന്നത്. 2012-ല്‍ ആയിരുന്നു ന്യൂസിലന്‍ഡിനായുള്ള അരങ്ങേറ്റം. അതേസമയം ആദ്യ ടെസ്റ്റില്‍ ഓസീസിനോട് ന്യൂസിലന്‍ഡ് 172 റണ്‍സിന് തോറ്റിരുന്നു. ഇതോടെ പരമ്പ സമനിലയിലാക്കണമെങ്കില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ കിവീസിന് വിജയം അനിവാര്യമാണ്.