കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇന്ന് കാലിക്കറ്റ് എഫ്.സി തൃശൂര്‍ മാജിക് എഫ്.സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇംഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി 7.30 ആണ് മത്സരം. മൂന്നു കളിയില്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്‍റാണ് കാലിക്കറ്റിന്. ഹോം ഗ്രൗണ്ടില്‍ ആദ്യ വിജയം മോഹിച്ചാണ് കാലിക്കറ്റ് ഇന്നിറങ്ങുക.
ഒറ്റ പോയിന്‍റുമായി പട്ടികയില്‍ അവസാനത്താണ് തൃശൂര്‍. ലീഗിലെ ആദ്യ വിജയമാണ് തൃശൂരിന്‍റെ ലക്ഷ്യം. ആദ്യ രണ്ടു കളികളിലും പരാജയം നുണഞ്ഞ തൃശൂര്‍ അവസാന മത്സരത്തില്‍ മലപ്പുറത്തെ സമനിലയില്‍ കുരുക്കിയിരുന്നു. സികെ വിനീതിന്‍റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീമില്‍ മാര്‍സലോയിലും അഭിജിത്തും പ്രതീക്ഷയാണ്. മൂന്നു ഗോളുമായി ഗോള്‍ വേട്ടക്കാരില്‍ മുന്നിലുള്ള ഗനി അഹമ്മദ് നിഗവും നായകന്‍ ജിജോ ജോസഫും കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടും കാലിക്കറ്റിന്‍റെ കരുത്തന്മാരാണ്.
മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം കൊമ്പന്‍സ്, കാലിക്കറ്റ് എഫ്‌സി, കണ്ണൂര്‍ വരിയേഴ്‌സ് ടീമുകള്‍ക്ക് അഞ്ച് പോയിന്‍റ് വീതമുണ്ട്. ഗോള്‍ ശരാശരിയില്‍ കാലിക്കറ്റ് എഫ്‌സിയാണ് മുന്നിലുള്ളത്. തിരുവനന്തപുരം കൊമ്പന്‍സ് രണ്ടാമതും കണ്ണൂര്‍ വാരിയേഴ്‌സ് മൂന്നാമതുമാണ്. മലപ്പുറം (നാല്), കൊച്ചി (രണ്ട്), തൃശൂര്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റുടീമുകളുടെ പോയന്‍റ് നില.
മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 1ൽ ലഭ്യമാണ്. വെബ്‌സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്‌സിലും മഹീന്ദ്ര സൂപ്പർ ലീഗ് കേരള മത്സരങ്ങൾ കാണാം.