ബാർബഡോസ്: 2024 ടി 20 ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് നാട്ടിലേക്ക് പറക്കും. ടീമിനായി പ്രത്യേക വിമാനം എത്തിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ചുഴലിക്കാറ്റിന് ശേഷം കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തില്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെയാണ് നാട്ടിലേക്കുളള യാത്രയ്‌ക്കായി ടീം ഒരുങ്ങുന്നത്.
ദ്വീപിൻ്റെ പ്രധാന ഭാഗങ്ങളില്‍ വൈദ്യുതി, ഇൻ്റർനെറ്റ്, ജലവിതരണം എന്നിവ തടസപെട്ട സാഹചര്യത്തില്‍ ഏറ്റവും വേഗത്തിൽ ടീമിനെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇപ്പോൾ വ്യക്തമായ അറിയിപ്പുകളോടെ ചാർട്ടേര്‍ഡ് വിമാനത്തിന് യുഎസിൽ നിന്നോ യുകെയിൽ നിന്നോ ദ്വീപിലേക്ക് പറക്കാൻ കഴിയും.
ടീമിനെ നേരിട്ട് ഡൽഹിയില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. ഇടയ്‌ക്ക് യുഎസിലോ യുകെയിലോ വച്ച് ഇന്ധനം നിറയ്ക്കാന്‍ സംവിധാനം ഒരുക്കും. ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്ക് പറക്കാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്.
എന്നാല്‍, മഴയെയും കാറ്റിനെയും തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് യാത്ര മാറ്റിവച്ച് ഹോട്ടലില്‍ തുടരേണ്ടിവന്നു. പ്രധാന വിമാനത്താവളം അടച്ചത് തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാം എന്ന പ്രതീക്ഷയും ഇല്ലാതാക്കി. എന്നാല്‍, കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ്. ജയ് ഷാ അടക്കമുള്ള ബിസിസിഐ ഉന്നതരും ഇന്ത്യന്‍ ടീമിനൊപ്പം ബാര്‍ബഡോസിലുണ്ട്.
Also Read: സിംബാബ്‌വെ പര്യടനം; ഇന്ത്യയുടെ യുവ ടീം പുറപ്പെട്ടു