ഹൈദരാബാദില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വിയായിരുന്നു ടീം ഇന്ത്യ വഴങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സിന്‍റെ മികച്ച ലീഡ് സ്വന്തമാക്കാന്‍ സാധിച്ചിട്ടും രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കാന്‍ ആതിഥേയരായ ഇന്ത്യയ്‌ക്കായിരുന്നില്ല. തുടര്‍ന്ന്, ടീം ഇന്ത്യ ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്ന ഇംഗ്ലണ്ട് ടീം രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനുമെതിരെ 28 റണ്‍സിന്‍റെ ചരിത്രജയമായിരുന്നു നേടിയെടുത്തത്.
ഒരു വര്‍ഷത്തിനുള്ളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സ്വന്തം തട്ടകത്തില്‍ ഇന്ത്യ വഴങ്ങിയ രണ്ടാമത്തെ തോല്‍വിയായിരുന്നു ഇത്. വിശാഖപട്ടണത്താണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അടുത്ത മത്സരം. ഫെബ്രുവരി രണ്ടിന് ഈ മത്സരത്തിനായിറങ്ങുമ്പോള്‍ വലിയ വെല്ലുവിളികളാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.
പ്രധാന താരങ്ങളുടെ അഭാവം: വിരാട് കോലി, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് പേരും ഇല്ലാതെയാണ് വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെ നേരിടാന്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കില്ലെന്ന് വിരാട് കോലി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായിരിക്കുന്നത്.
വിശാഖപട്ടണത്ത് പരമ്പര സമനിലയിലെത്തിക്കാനായി ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ മധ്യനിരയിലെ പ്രധാന താരങ്ങളുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണ്. കോലിയ്‌ക്കൊപ്പം ജഡേജയും രാഹുലും കളിക്കാനില്ലാത്തതോടെ മോശം ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരും രണ്ടാം മത്സരത്തിലും പ്ലെയിങ് ഇലവനില്‍ തന്നെയുണ്ടാകും. ഗില്‍ മൂന്നാം നമ്പറിലും ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലും തന്നെ തുടരാനാണ് സാധ്യത.
ഇതോടെ, ഒഴിഞ്ഞുകിടക്കുന്ന നാലാം നമ്പരിലേക്ക് അരങ്ങേറ്റക്കാരനായ രജത് പടിദാര്‍ എത്തിയേക്കും. താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഗില്ലിനെ ഒഴിവാക്കിയാല്‍ മാത്രമായിരിക്കും സര്‍ഫറാസ് ഖാന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുന്നത്. ശ്രേയസിന് ശേഷം ആറാം നമ്പറില്‍ അക്‌സര്‍ പട്ടേലും, പിന്നാലെ കെഎസ് ഭരത്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും ക്രീസിലേക്ക് എത്താനാണ് സാധ്യത.
രോഹിത് ശര്‍മയുടെ പ്രകടനം നിര്‍ണായകം: ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ക്യാപ്‌റ്റന്‍സിയിലും ബാറ്റിങ്ങിലും നിറം മങ്ങിയ പ്രകടനമായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കോലി, രാഹുല്‍, ജഡേജ എന്നിവരുടെ അഭാവത്തില്‍ വിശാഖപട്ടണത്ത് രോഹിത്തിന്‍റെ ബാറ്റില്‍ നിന്നും വലിയൊരു ഇന്നിങ്‌സാണ് ഇന്ത്യന്‍ ആരാധകരും പ്രതീക്ഷിക്കുന്നത്. രണ്ടാം മത്സരത്തിലും രോഹിത്തിന് മികവിലേക്ക് ഉയരാന്‍ സാധിച്ചില്ലെങ്കില്‍ പ്രതിരോധത്തിലാകാന്‍ പോകുന്നത് ഇന്ത്യയുടെ മധ്യനിര തന്നെയാകും.
കറക്കി വീഴ്‌ത്താന്‍ കുല്‍ദീപ് എത്തുമോ..? ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യന്‍ ടീമിന് നിര്‍ണായക സംഭാവനയാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നല്‍കിയത്. രണ്ടാം മത്സരത്തില്‍ ജഡേജയുടെ അഭാവം ടീമിന് കനത്ത നഷ്‌ടമാണ്. വിശാഖപട്ടണത്ത് ജഡേജയില്ലാത്ത സാഹചര്യത്തില്‍ കുല്‍ദീപ് യാദവിനായിരിക്കും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുക.
ഇങ്ങനെ വന്നാല്‍ രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പമാകും കുല്‍ദീപ് ഇംഗ്ലീഷ് ബാറ്റര്‍മാരെ വീഴ്‌ത്താന്‍ സ്പിന്‍ കെണിയൊരുക്കുക. പേസര്‍ മുഹമ്മദ് സിറാജിന് രണ്ടാം മത്സരത്തില്‍ സ്ഥാനം നഷ്‌ടമാകുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. തന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ പന്തുകൊണ്ട് കാര്യമായിട്ടൊന്നും ചെയ്യാന്‍ സിറാജിനായിരുന്നില്ല. സിറാജിനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ മുകേഷ് കുമാര്‍ ആയിരിക്കും ജസ്‌പ്രീത് ബുംറയ്‌ക്കൊപ്പം പ്ലെയിങ് ഇലവനിലേക്ക് എത്തുക.
Also Read : ഷൊയ്‌ബ് കൂടിയെത്തുമ്പോൾ എന്താവും അവസ്ഥ...സ്‌പിൻ വലയെ പേടിച്ച് ഇന്ത്യൻ ബാറ്റർമാർ