കൊല്‍ക്കത്ത : വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ലോകകപ്പിനായി താൻ തയ്യാറാണെന്നും ഇന്ത്യൻ ടീമില്‍ ഇടം കണ്ടെത്താൻ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും 39കാരനായ താരം പറഞ്ഞു. ഐപിഎല്ലിന് പിന്നാലെ ജൂണ്‍ ഒന്നിനാണ് യുഎസ്‌എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായി ടി20 ലോകകപ്പ് തുടങ്ങുന്നത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരെല്ലാം ഇടം കണ്ടെത്തുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയിലും ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ലോകകപ്പിനുള്ള സ്ക്വാഡിനെ നിര്‍ണയിക്കുന്നതില്‍ ഐപിഎല്ലിലെ പ്രകടനങ്ങള്‍ നിര്‍ണായകമായിരിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം കണ്ടെത്താനുള്ള ആഗ്രഹം ദിനേശ് കാര്‍ത്തിക് പരസ്യമാക്കിയിരിക്കുന്നത്.
'ജീവിതത്തിലെ ഈയൊരു ഘട്ടത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുക എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരമായിരിക്കും. ഞാൻ ഏറെ ആഗ്രഹിക്കുന്ന ഒരു കാര്യം കൂടിയാണിത്. ടി20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ വലുതായി ജീവിതത്തില്‍ മറ്റ് കാര്യങ്ങളൊന്നും നേടാനില്ല.
ലോകകപ്പിനായി ഏറ്റവും മികച്ച ഇന്ത്യൻ ടീമിനെ കണ്ടെത്താൻ കഴിയുന്നവരാണ് രോഹിത് ശര്‍മ, രാഹുല്‍ ദ്രാവിഡ്, അജിത് അഗാര്‍ക്കര്‍ എന്നിവര്‍. അവരെടുക്കുന്ന തീരുമാനം എന്തായാലും അതിനെ ഞാൻ അംഗീകരിക്കും. പക്ഷേ, എനിക്ക് അവരോട് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്.
ലോകകപ്പിനായി ഞാൻ 100 ശതമാനവും തയ്യാറായിരിക്കും. ഇന്ത്യൻ ടീമില്‍ സ്ഥാനം നേടുന്നതിന് വേണ്ടി എന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കുകയും ചെയ്യും'- ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.
ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആരായിരിക്കും ഇടം പിടിക്കുക എന്ന ആകാംക്ഷയിലാണ് നിലവില്‍ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും. റിഷഭ് പന്ത്, ഇഷാൻ കിഷൻ, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ ഈ സ്ഥാനത്തേക്ക് മാനേജ്‌മെന്‍റിന്‍റെ പരിഗണനിയില്‍ ഉള്ളതെന്നാണ് അഭ്യൂഹങ്ങള്‍. ഇവരെല്ലാം തന്നെ ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്.
Also Read : പഴകും തോറും വീര്യം കൂടിയ വീഞ്ഞ്; ഡികെ 'ദി സൂപ്പര്‍ ഫിനിഷര്‍' - Dinesh Karthik In IPL 2024
എന്നാല്‍, ഫിനിഷര്‍ റോളില്‍ തകര്‍ത്തടിക്കാൻ കെല്‍പ്പുള്ള താരമാണ് കാര്‍ത്തിക്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഫിനിഷറായും മികച്ച പ്രകടനം പുറത്തെടുക്കാൻ കാര്‍ത്തിക്കിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പ് ടീമില്‍ ഇതേ റോള്‍ നല്‍കി കാര്‍ത്തിക്കിനെ ബിസിസിഐ പരിഗണിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നതും.