ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടരെ തുടരെ വിക്കറ്റ് പോയി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 17.1 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 110 റൺസ് എന്ന നിലയിലാണ്.
ഒന്നാമനായി ഇറങ്ങിയ രോഹിത് ശർമ്മ 12 ബോളിൽ നിന്ന് 13 റൺസ് നേടി പുറത്തായി, രണ്ടാമത്തിറങ്ങിയ കോലി 3 ബോൾ നേരിട്ട് ഒരു ഫോർ മാത്രമടിച്ച് പുറത്തായി. പിന്നീട് ഇറങ്ങിയവരിൽ 31 പന്തിൽ നിന്ന് 42 റൺസ് നേടി പുറത്തായ ഋഷഭ് പന്തും 18 ബോളിൽ നിന്ന് 20 റൺസ് നേടി പുറത്തായ അക്‌സർ പട്ടേലും മാത്രമാണ് രണ്ടക്കം കടന്നത്.
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നില്ല. പാകിസ്ഥാന്‍ നിരയില്‍ നിന്നും അസം ഖാന്‍ പുറത്തായി. ഇമദ് വസീമാണ് ടീമിലെത്തിയത്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), വിരാട് കോലി, റിഷഭ് പന്ത് (ഡബ്ല്യു), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്.
പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): മുഹമ്മദ് റിസ്വാൻ(ഡബ്ല്യു), ബാബർ അസം(സി), ഉസ്‌മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ
ടൂര്‍ണമെന്‍റില്‍ ഇരു ടീമുകളും തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ എത്തുന്നത്. മറുവശത്ത് ആതിഥേയരായ അമേരിക്കയോട് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇന്ന് ഇന്ത്യയോട് പരാജയപ്പെട്ടാല്‍ സൂപ്പര്‍ എട്ടിലേക്കുള്ള പാകിസ്ഥാന്‍റെ യാത്ര കഠിനമാവും.