മൊഹാലി: ഒരു കളി ഡക്ക് ആയാല്‍ അടുത്ത മത്സരത്തില്‍ ഫിഫ്‌റ്റി, അതാണ് ഈ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്‍റെ ഗ്യാരണ്ടി. പരിക്കിനെ തുടര്‍ന്ന് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും സൂര്യയ്‌ക്ക് നഷ്‌ടമായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടാൻ മുംബൈ ഇറങ്ങിയ മത്സരത്തിലാണ് ഐപിഎല്‍ പതിനേഴാം പതിപ്പില്‍ സ്കൈ ആദ്യമായി കളിക്കാനിറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിങ് കാണാൻ ഇരുന്ന ആരാധകര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. നേരിട്ട രണ്ടാം പന്തില്‍ അന്ന് റണ്‍സൊന്നുമെടുക്കാതെയാണ് താരം പുറത്തായത്. എന്നാല്‍, ഇതിന്‍റെ് ക്ഷീണം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലൂടെ സൂര്യ മാറ്റി.
19 പന്തില്‍ 52 റണ്‍സായിരുന്നു ആര്‍സിബിക്കെതിരായ മത്സരത്തില്‍ സൂര്യ അടിച്ചെടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു മുംബൈയുടെ അടുത്ത എതിരാളികള്‍. വാങ്കഡെയില്‍ നടന്ന ഈ മത്സരത്തിലും ഡക്ക്.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മൊഹാലിയില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയടിച്ച് സ്കൈ മുംബൈയുടെ ടോപ് സ്കോററായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈയ്‌ക്കായി 53 പന്ത് നേരിട്ട സൂര്യകുമാര്‍ യാദവ് 78 റണ്‍സ് നേടിയാണ് പുറത്തായത്. മത്സരത്തിന് ശേഷം ഐപിഎല്‍ പതിനേഴാം പതിപ്പിലെ തന്‍റെ പ്രകടനങ്ങളെ കുറിച്ച് സൂര്യ സംസാരിക്കുകയും ചെയ്‌തിരുന്നു. ഒരു കായിക ഇനത്തില്‍ എപ്പോഴും ഉയര്‍ച്ചയും താഴ്‌ചയും ഉണ്ടാകുമെന്നതിന്‍റെ തെളിവാണ് തന്‍റെ കഴിഞ്ഞ നാല് ഇന്നിങ്‌സിലെ പ്രകടനം എന്നായിരുന്നു താരത്തിന്‍റെ അഭിപ്രായം.
'കളിയില്‍ ഉയര്‍ച്ചയും താഴ്‌ചയും ഉണ്ടെന്ന് പഠിപ്പിക്കുന്ന ഇന്നിങ്‌സുകളായിരുന്നു അവയെല്ലാം. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം തന്നെ അനുകൂലമായാണ് പോകുന്നത്. ഞാൻ നല്ലതുപോലെ പരിശീലനം നടത്തുന്നുണ്ട്, എനിക്ക് മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്യാനും സാധിക്കുന്നുണ്ട്. ഉടൻ തന്നെ 40 ഓവറും ഗ്രൗണ്ടില്‍ നിന്ന് കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'- സൂര്യകുമാര്‍ യാദവ് പറഞ്ഞു.
അതേസമയം, പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒൻപത് റണ്‍സിന്‍റെ ജയമായിരുന്നു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ സൂര്യയുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ 192 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ 183 റണ്‍സില്‍ പഞ്ചാബ് ഓള്‍ഔട്ട് ആകുകയായിരുന്നു.