റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ (India vs England 4th Test) ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായത് ധ്രുവ് ജുറെലിന്‍റെ വീരോചിത പോരാട്ടമാണ്. ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ധ്രുവ് ജുറെല്‍ (Dhruv Jurel) 149 പന്തില്‍ 90 റണ്‍സായിരുന്നു നേടിയിരുന്നത്. 23-കാരന്‍റെ ടെസ്റ്റ് കരിയറിലെ കന്നി അര്‍ധ സെഞ്ചുറിയാണിത്.
ആതിഥേയര്‍ കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ട സമയത്ത് വാലറ്റക്കാരെ കൂട്ടുപിടിച്ചായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജുറെല്‍ പൊരുതി നിന്നത്. അര്‍ഹിച്ച സെഞ്ചുറിക്ക് വെറും 10 റണ്‍സ് അകലെ വീണെങ്കിലും ഇംഗ്ലണ്ടിനെ കുറഞ്ഞ ലീഡിലേക്ക് ഒതുക്കാന്‍ താരത്തിനായി എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ധ്രുവ് ജുറെലിനെ അകമഴിഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar).
ഇന്ത്യയുടെ അടുത്ത എംഎസ് ധോണിയാണ് (MS Dhoni) ജുറെലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഏറെ സംയമനത്തോടെ ജുറെല്‍ തന്‍റെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചതായും 74-കാരന്‍ പറഞ്ഞു. "ധ്രുവ് ജുറെലിന്‍റെ മനസ്സാന്നിധ്യം കാണുമ്പോൾ, അവന്‍ അടുത്ത എംഎസ് ധോണിയാണെന്ന് എനിക്ക് തോന്നുന്നു"- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിലൂടെയായിരുന്നു ജുറെല്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയത്. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സ് നേടാനും താരത്തിന് കഴിഞ്ഞിരുന്നു. രാജ്‌കോട്ടിൽ ബെൻ ഡക്കറ്റിനെ റണ്ണൗട്ടാക്കിയത് താരത്തിന്‍റെ മനസ്സാന്നിധ്യത്തിന്‍റെ മറ്റൊരു തെളിവാണെന്നും ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.
റാഞ്ചിയില്‍ ഒരു ഘട്ടത്തില്‍ 7-ന് 177 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ ഉണ്ടായിരുന്നത്. എന്നാല്‍ എട്ടാം വിക്കറ്റില്‍ കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് 76 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ജുറെല്‍ ഉയര്‍ത്തിയത്. 131 പന്തുകളില്‍ 28 റണ്‍സ് നേടിയ കുല്‍ദീപ് മടങ്ങിയെങ്കിലും തുടര്‍ന്ന് എത്തിയ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപിനൊപ്പം 40 റണ്‍സും ടീം ടോട്ടലിലേക്ക് ചേര്‍ക്കാന്‍ 23-കാരന് കഴിഞ്ഞു.
ALSO READ: 'സിംബാബ്‌വെ മര്‍ദ്ദകന്‍' കളിയാക്കി ആരാധകര്‍; കട്ടക്കലിപ്പിലായി ബാബര്‍ അസം
ജുറെലിന്‍റെ ഈ പ്രകടനത്തോടെ ആദ്യ ഇന്നിങ്‌സില്‍ 307 റണ്‍സിലേക്ക് എത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. നേരത്തെ അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍ ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തിയിരുന്നു. 117 പന്തില്‍ 73 റണ്‍സായിരുന്നു താരം നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), ശുഭ്‌മാന്‍ ഗില്‍ (38), രജത് പടിദാർ (17), രവീന്ദ്ര ജഡേജ (12), സര്‍ഫറാസ് ഖാൻ (14), അശ്വിന്‍ (1) ) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സംഭാവന.
അതേസമയം ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ജോ റൂട്ടിന്‍റെ അപരാജിത സെഞ്ചുറി മികവില്‍ 353 റണ്‍സ് നേടിയിരുന്നു. ആതിഥേയരെ 307 റണ്‍സില്‍ ഒതുക്കാന്‍ കഴിഞ്ഞതോടെ സന്ദര്‍ശകര്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് ലഭിക്കുകയും ചെയ്‌തു.