ഹൈദരാബാദ് : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തുടര്‍തോല്‍വികളില്‍ നിന്നും കരകയറാൻ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഇറങ്ങും. പ്ലേ ഓഫ് ഉറപ്പിക്കാൻ എത്തുന്ന മിന്നും ഫോമിലുള്ള രാജസ്ഥാൻ റോയല്‍സാണ് മത്സരത്തില്‍ ഹൈദരാബാദിന്‍റെ എതിരാളികള്‍. ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
രാജസ്ഥാൻ റോയല്‍സിന്‍റെ ബൗളര്‍മാരും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബാറ്റര്‍മാരും തമ്മിലുള്ള പോരാട്ടത്തിനാകും ഇന്ന് ഉപ്പല്‍ സ്റ്റേഡിയം വേദിയാവുക. ഈ സീസണില്‍ ഒരൊറ്റ തവണ മാത്രമാണ് റോയല്‍സ് 200ല്‍ അധികം റണ്‍സ് വഴങ്ങിയത്. മറുവശത്ത്, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ട് സ്കോറും ഹൈദരാബാദ് ഈ സീസണില്‍ ആയിരുന്നു അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്‌ത് വമ്പൻ സ്കോറുകള്‍ അടിച്ചുകൂട്ടുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പതറുന്ന കാഴ്‌ചയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാണാൻ സാധിച്ചത്. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ എന്നീ വമ്പൻ അടിക്കാര്‍ ട്രാക്കിലേക്ക് കയറിയില്ലെങ്കില്‍ ഹൈദരാബാദിന് സ്വന്തം തട്ടകത്തിലും പാടുപെടേണ്ടിവരും. പവര്‍പ്ലേയില്‍ ഹൈദരാബാദ് ഓപ്പണര്‍മാരെ മെരുക്കാനുള്ള ഉത്തരവാദിത്തം സ്റ്റാര്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ടിനെയാകും രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍ ഏല്‍പ്പിക്കുക.
എയ്‌ഡൻ മാര്‍ക്രം, നിതീഷ് കുമാര്‍ റെഡ്ഡി, അബ്‌ദുള്‍ സമദ് എന്നിവരുടെ പ്രകടനങ്ങളും ഹൈദരാബാദിന് ഏറെ നിര്‍ണായകമാണ്. മധ്യ ഓവറുകളില്‍ യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്രൻ അശ്വിൻ സഖ്യത്തിന്‍റെ കരുത്തിലാകും രാജസ്ഥാന്‍റെ പ്രതീക്ഷ. ഡെത്ത് ഓവറുകളില്‍ സന്ദീപ് ശര്‍മയാകും അവരുടെ വജ്രായുധം.
മറുവശത്ത്, ക്യാപ്‌റ്റൻ സഞ്ജു സാംസണിന്‍റെ ഫോം ആണ് രാജസ്ഥാൻ റോയല്‍സിന് ആശ്വാസം. ജോസ് ബട്‌ലറുടെ പ്രകടനവും ടീമിന് കരുത്താകും. സീസണില്‍ കാര്യമായ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്‌മാൻ പവല്‍ എന്നിവരൊന്നിക്കുന്ന രാജസ്ഥാന്‍റെ ലോവര്‍ മിഡില്‍ ഓര്‍ഡറും സ്ട്രോങ്ങാണ്. ടി നടരാജൻ, മായങ്ക് മാര്‍കണ്ഡെ, ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് എന്നിവരുടെ പ്രകടനങ്ങളാകും ബൗളിങ്ങില്‍ ഹൈദരാബാദിന് നിര്‍ണായകമാവുക.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യത ടീം : ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്‌ഡൻ മാര്‍ക്രം, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അബ്‌ദുള്‍ സമദ്, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), ഷഹബാസ് അഹമ്ദ്, മായങ്ക് മാര്‍കണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്ഘട്ട്, ടി നടരാജൻ.
രാജസ്ഥാൻ റോയല്‍സ് സാധ്യത ടീം : ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസൺ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), റിയാൻ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്‌മാൻ പവല്‍, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചാഹല്‍.