12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം യുവേഫ യൂറോ കപ്പില്‍ മുത്തമിട്ടിരിക്കുകയാണ് സ്‌പെയിൻ. ബെര്‍ലിനില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് സംഘം ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഒരു മത്സരം പോലും തോല്‍ക്കാതെ സമ്പൂര്‍ണ ആധിപത്യത്തോടയാണ് ടൂര്‍ണമെന്‍റില്‍ സ്പെയിന്‍റെ കിരീട നേട്ടം.
യൂറോ കപ്പില്‍ സ്പെയിന്‍റെ ഈ കിരീട നേട്ടത്തിന് പിന്നില്‍ മറ്റൊരു കൗതുകകരമായ ഭാഗ്യ ചരിത്രത്തിന്‍റെ കഥ കൂടിയുണ്ട്. ഒരു സ്പാനിഷ് താരം ടെന്നിസില്‍ ഗ്രാൻഡ്സ്ലാം കിരീടം നേടിയ വര്‍ഷങ്ങളിലെല്ലാം സ്പെയിന് ഫുട്‌ബോളിലും പ്രധാന നേട്ടങ്ങള്‍ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. സ്പെയിന്‍റെ യൂറോ കപ്പ്, ലോകകപ്പ്, നേഷൻസ് ലീഗ് കിരീടനേട്ടങ്ങള്‍ക്ക് പിന്നിലാണ് ഈ ഭാഗ്യചരിത്രവും.
1964ല്‍ ആയിരുന്നു സ്പെയിൻ ആദ്യമായി യൂറോ കപ്പില്‍ ചാമ്പ്യന്മാരാകുന്നത്. ആ വര്‍ഷം മാനുവല്‍ സന്‍റാനയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. 2008ല്‍ സ്പാനിഷ് സംഘം ഫിഫ ലോകകപ്പ് ഉയര്‍ത്തിയപ്പോഴും ഈ ചരിത്രം ആവര്‍ത്തിച്ചു.
ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍ ആയിരുന്നു അന്ന് ഗ്രാൻഡ്‌സ്ലാം കിരീടങ്ങള്‍ നേടിയത്. ഫ്രഞ്ച് ഓപ്പണിനൊപ്പം വിംബിള്‍ഡണും അന്ന് നദാലിന് സ്വന്തമാക്കാനായി. 2012ല്‍ നദാല്‍ വീണ്ടും ഫ്രഞ്ച് ഓപ്പണിലൂടെ ഗ്രാൻഡ്സ്ലാം സ്വന്തമാക്കി. ആ വര്‍ഷവും സ്പെയിന്‍ യൂറോ കപ്പില്‍ മുത്തമിട്ടിരുന്നു.
2022-23 സീസണില്‍ സ്പെയിൻ യുവേഫ നേഷൻസ് ലീഗ് കിരീടം ഉയര്‍ത്തിയപ്പോഴും ഈ ഭാഗ്യചരിത്രം ആവര്‍ത്തിക്കപ്പെട്ടു. കാര്‍ലോസ് അല്‍കാരസ് വിംബിള്‍ഡണ്‍ സ്വന്തമാക്കിയ വര്‍ഷത്തിലായിരുന്നു നേഷൻസ് ലീഗില്‍ സ്പെയിന്‍റെ കിരീടധാരണം. ഒരു വര്‍ഷത്തിനിപ്പുറം മറ്റൊരു ഗ്രാൻഡ്‌സ്ലാം കിരീടം അല്‍കാരസ് നേടിയ അതേ ദിവസം തന്നെയാണ് സ്പെയിൻ യൂറോപ്പിലെ ഫുട്‌ബോള്‍ ചാമ്പ്യന്മാരായിരിക്കുന്നത്.
വിംബിള്‍ഡണില്‍ ആണ് ഇത്തവണയും കാര്‍ലോസ് അല്‍കാരസിന്‍റെ നേട്ടം. ലണ്ടനിലെ സെൻട്രല്‍ കോര്‍ട്ടില്‍ നടന്ന ഫൈനലില്‍ ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെതിരെയായിരുന്നു 21കാരനായ താരത്തിന്‍റെ ജയം. കരിയറില്‍ അല്‍കാരസിന്‍റെ നാലാം ഗ്രാൻഡ്‌സ്ലാം കിരീടനേട്ടം കൂടിയായിരുന്നു ഇത്.
വിംബിള്‍ഡണില്‍ അല്‍കാരസ് വിജയിച്ചതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ ജര്‍മനിയിലെ ബെര്‍ലിനില്‍ യൂറോ കപ്പ് ഫൈനലിന് ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങിയ സ്പെയിൻ ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ ജയം സ്വന്തമാക്കിയാണ് തിരികെ കയറിയത്. നിക്കോ വില്യംസ്, മൈക്കൽ ഒയാർസബൽ എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകളായിരുന്നു മത്സരത്തില്‍ സ്പെയിന് ജയമൊരുക്കിയത്.
Read More : യൂറോയില്‍ സ്‌പാനിഷ് 'വീരഗാഥ'; ഇംഗ്ലണ്ടിന് പിന്നെയും കണ്ണീര്‍മടക്കം - Spain Won Euro Cup 2024